കൊച്ചി > ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗിക അതിക്രമ പരാമർശമുള്ള എല്ലാവരുടേയും പേര് പുറത്തുവരണമെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക). കുറ്റം തെളിയിക്കപ്പെട്ടാൽ വലിപ്പ ചെറുപ്പമില്ലാതെ ഫെഫ്ക അംഗങ്ങൾക്കെതിരെ അച്ചടക്ക് നടപടി സ്വീകരിക്കും. ഇതര സംഘടനകളിലെ ഉൾപ്പെടെയുള്ള അതിജീവിതകൾക്ക് സഹായം നൽകാൻ വനിത അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും ഫെഫ്ക അറിയിച്ചു.
സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത് സ്വാഗതം ചെയ്യുന്നു.അമ്മ എക്സിക്യൂട്ടൂവ് രാജി വച്ചത് വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാകട്ടെയെന്ന് പ്രത്യാശിക്കുന്നതായും ഫെഫ്ക പ്രസ്താവനയിൽ അറിയിച്ചു.
സ്ത്രീകളുടെ കോർ കമ്മിറ്റി തയാറാക്കുന്ന മാർഗരേഖ സംഘടനകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റികൾ വിശദമായി ചർച്ച ചെയ്യും. തുടർന്നു തയാറാക്കുന്ന വിശകലന റിപ്പോർട്ട് സർക്കാരിനും പൊതുസമൂഹത്തിനും ലഭ്യമാക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. സ്ത്രീസുരക്ഷ സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന ഗുരുതര പ്രശ്നങ്ങളെ അന്തിമമായി പരിഹരിക്കാൻ ആവശ്യമായ കർമപരിപാടി പുറത്തിറക്കുമെന്നും ഫെഫ്ക അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..