തിരുവനന്തപുരം > ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സീല്‍ വച്ച കവറില്‍ കൈമാറണം എന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നതായി കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍. വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം ഒഴിവാക്കപ്പെട്ട പേജുകളും വരികളും കാരണമാണ് പൊതു സമൂഹത്തിനിടയില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും മോശക്കാരാണ് എന്ന വിധമുള്ള തെറ്റിദ്ധാരണയുണ്ടാകാൻ സാഹചര്യമുണ്ടായത്. 2019ല്‍ ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഈ അഞ്ച് വര്‍ഷക്കാലത്തിനുള്ളില്‍ സിനിമ വ്യവസായത്തില്‍ പല ഗുണകരമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
തൊഴിലിടങ്ങളിൽ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മറ്റി (ഐസിസി) നിർബന്ധമാക്കണമെന്ന് കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരം 2022 മാർച്ച് 26 മുതൽ വനിതാ കമ്മീഷൻ്റെ മേൽ നോട്ടത്തിൽ സിനിമാ സെറ്റുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മറ്റി (ഐസിസി) രൂപീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഇത് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ എല്ലാ സിനിമാ സംഘടകളിൽ നിന്നും വനിതാ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മറ്റി പ്രവർത്തിച്ചു വരുന്നതായും കെഎഫ്പിഎ പറഞ്ഞു.
ഐസിസി ഒരു പരാതി പരിഹാര സമിതി എന്ന നിലയ്ക്ക് ആവരുത് പ്രവർത്തിക്കേണ്ടത് എന്നും ലൈംഗിക അതിക്രമങ്ങൾ അടക്കമുള്ള ക്രിമിനൽ കുറ്റങ്ങൾ ഉണ്ടായാൽ അതത് സെറ്റിലെ ഐസിസി പൊലീസിനെ അറിയിച്ച് എഫ്ഐആർ രജിസ്‌റ്റർ ചെയ്യാൻ പരാതിക്കാരെ സഹായിക്കണം എന്നും അംഗങ്ങളായ നിർമ്മാതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു കാസ്‌റ്റിംഗ് കോൾ നടത്തുന്നതിന് മുൻപ് കേരള ഫിലിം ചേംബറിനെ അറിയിക്കാനും വ്യാജ കാസ്‌റ്റിംഗ് കോളുകളിൽ വഞ്ചിതരാകരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
സാധാരണയിൽ കൂടുതലായി ജൂനിയർ ആർട്ടിസ്റ്റുകൾ അല്ലെങ്കിൽ ജനക്കൂട്ടത്തെ ചിത്രീകരണത്തിനായി ഉപയോഗിക്കുമ്പോൾ ആവശ്യമായ ടോയിലെറ്റ് സൗകര്യം ഉറപ്പാക്കാൻ നിർമ്മാതാക്കളോടും പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സിനോടും ആവശ്യപ്പെട്ടിരുന്നു. അത് നടപ്പാക്കാത്ത ഇടങ്ങളിൽ ഇടപെട്ടിട്ടുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.
ആയിരക്കണക്കിന് സ്ത്രീകൾ സുരക്ഷിതമായി ജോലി ചെയ്യുന്ന ഇടമാണ് സിനിമാ വ്യവസായം. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിൽ പരാമർശിച്ചിട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. സിനിമ വ്യയവസായത്തിനുള്ളില്‍ ഹാനികരമായ കാര്യങ്ങള്‍ തുടര്‍ന്നും സംഭവിക്കുന്നുെണ്ടെങ്കില്‍ അതിനും പരിഹാരം കാണണം.
ഈ വിഷയത്തില്‍ സിനിമാ വ്യവസായത്തിലെ എല്ലാ സംഘടനകള്‍ക്കും അതിലെ അംഗങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും സംഘടന അറിയിച്ചു. സംഘടനകള്‍ക്ക് പരിഹാരം കാണാന്‍ പറ്റാത്ത കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെഎഫ്പിഎ പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..