25 November Monday
ഇരകൾ നിശ്ശബ്ദരായാൽ 
കമ്മിറ്റി നിരർഥകം

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ 
മുദ്രവച്ച കവറിൽ നൽകണം : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024


കൊച്ചി
ചലച്ചിത്രമേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ്‌ ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ടിന്റെ പകർപ്പ് മുദ്രവച്ച കവറിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. റിപ്പോർട്ടുപ്രകാരം സ്വീകരിച്ച നിലപാടുകൾ സർക്കാർ അറിയിക്കണം.

കുറ്റകൃത്യങ്ങൾക്കെതിരെ എന്തുനടപടി എടുക്കാനാകുമെന്ന്‌ കോടതി ആരാഞ്ഞു.  സംസ്ഥാന വനിതാ കമീഷനെ കേസിൽ സ്വമേധയാ കക്ഷിചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടനുസരിച്ച്‌ കേസെടുക്കാൻ പരിമിതികളുണ്ടെന്നും പരാതിയുമായി ഏതെങ്കിലും വനിതകൾ മുന്നോട്ടുവന്നാൽ സർക്കാർ ഇടപെടുമെന്നും അഡ്വക്കറ്റ്‌ ജനറൽ  കെ ഗോപാലകൃഷ്ണക്കുറുപ്പ്  വ്യക്തമാക്കി.

ഇരകൾ നിശ്ശബ്ദരായാൽ 
കമ്മിറ്റി നിരർഥകം
ഇരകൾ പരാതികളുമായി മുന്നോട്ടുവരാനാകാത്തവിധം നിശ്ശബ്ദരാക്കപ്പെട്ടാൽ കമ്മിറ്റിയുടെ രൂപീകരണലക്ഷ്യം അർഥമില്ലാത്തതാകുമെന്ന്‌ ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർക്കെതിരെ ക്രിമിനൽനടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നൽകിയ പൊതുതാൽപ്പര്യഹർജി പരിഗണിച്ചപ്പോഴാണ്‌ ആക്ടിങ്‌ ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ  നിരീക്ഷണം.  ഹർജി സെപ്തംബർ പത്തിന് വീണ്ടും പരിഗണിക്കും. 

സമൂഹത്തെയാകെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണിതെന്ന്  ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ നിരീക്ഷിച്ചു. കമ്മിറ്റിക്കുമുന്നിൽ മൊഴി നൽകിയവർക്ക് മുന്നോട്ടുവരാനാകാത്ത സാഹചര്യത്തിൽ കേസെടുക്കുന്നതിനുള്ള സർക്കാരിന്റെ പരിമിതി  മനസ്സിലാകും. സിനിമാവ്യവസായത്തിൽ സ്ത്രീകൾക്കെതിരായ ലൈംഗികപീഡനവും ചൂഷണവും ഉണ്ടെന്ന് റിപ്പോർട്ടിൽനിന്ന് മനസ്സിലാക്കാം. ഇരകൾക്കുവേണ്ടി എന്തുചെയ്യാനാകുമെന്നും കുറ്റകൃത്യങ്ങളിൽ എന്ത്‌ നടപടി സ്വീകരിക്കാനാകുമെന്ന്‌ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

ചലച്ചിത്രരംഗത്തെ വനിതകളുടെ പ്രശ്‌നങ്ങൾ പഠിച്ച്‌ നിർദേശം സമർപ്പിക്കാനാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് അഡ്വക്കറ്റ്‌ ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു. ഇതൊരു ജുഡീഷ്യൽ കമീഷനല്ല. ആരുടെയും പേരുകൾ വെളിപ്പെടുത്താൻ കമ്മിറ്റിയോട് സർക്കാരിന്  നിർദേശിക്കാനാകില്ല. പേരുകൾ രഹസ്യമായിരിക്കുമെന്ന ഉറപ്പിലാണ് പലരും മൊഴി നൽകിയത്‌. റിപ്പോർട്ടിലെ ഗുരുതര വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലേ എന്ന കോടതിയുടെ ചോദ്യത്തിന്, പോക്‌സോ കേസാണെങ്കിൽ സാധിക്കുമെന്ന്‌ സർക്കാർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top