കൊച്ചി
നടൻമാർക്കെതിരെ ഉയർന്ന പരാതികളിൽ നടപടിയെടുക്കുന്നതിൽ താരസംഘടനയായ ‘അമ്മ’യ്‌ക്ക് വീഴ്ചയുണ്ടായെന്ന് നടൻ പൃഥ്വിരാജ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവമായി അന്വേഷിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണമെന്ന് പൃഥ്വിരാജ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെ ഒരു തിരുത്തൽ ആദ്യം നടന്നത് മലയാളസിനിമയിലാണെന്ന് ഇന്ത്യൻ സിനിമാചരിത്രം രേഖപ്പെടുത്തും. ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം. കുറ്റകൃത്യങ്ങൾ തെളിഞ്ഞാൽ മാതൃകാപരമായ ശിക്ഷ നൽകണം. ആരോപണങ്ങൾ കളവായിരുന്നെങ്കിൽ തിരിച്ചും ശിക്ഷാനടപടി ഉണ്ടാകണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ ഒരു ഞെട്ടലും ഉണ്ടായില്ല. കമ്മിറ്റിക്കുമുന്നിൽ ആദ്യം സംസാരിച്ചതിൽ ഒരാളാണ് താൻ. ഇനി എന്തു നടപടികളാണ് ഉണ്ടാകുക എന്നതിൽ ആകാംക്ഷയുണ്ട്. എല്ലാ സംഘടനകളുടെയും തലപ്പത്ത് സ്‌ത്രീ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് ആഗ്രഹം. അത് അമ്മയുടെ തലപ്പത്തും വേണം.
ഷൂട്ടിങ് സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകൾ നിരവധി പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. അവരെ ചേർത്തുപിടിച്ചുള്ള പ്രവർത്തനം ഉണ്ടാകണം. സംഘടിതമായി ഒരാളുടെ തൊഴിലവസരം നിഷേധിക്കുന്നുണ്ടെങ്കിൽ, അതിനെതിരെയും നടപടി വേണം.
മലയാളസിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്ന് അവകാശപ്പെടാനാകില്ല. അങ്ങനെ ഒന്നുണ്ടെങ്കിൽ ഇല്ലാതാക്കണം. സർക്കാർ സംഘടിപ്പിക്കുന്ന സിനിമ കോൺക്ലേവിൽ പങ്കെടുക്കുമെന്നും കഴിയാവുന്ന എല്ലാ സഹായവും നൽകുമെന്നും പൃഥ്വിരാജ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..