05 November Tuesday

ഹേമ കമ്മിറ്റി റിപ്പോർട്ട്: പഠിച്ചത്‌ മതി, 
‘അമ്മ’ ശക്തമായ നിലപാടെടുക്കണം- ഉർവശി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കൊച്ചി > ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അഭിനേതാക്കളുടെ സംഘടന ‘അമ്മ’ ശക്തമായ നിലപാടെടുക്കണമെന്ന് നടി ഉർവശി. ഉടൻ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിക്കണം. അംഗങ്ങളുടെ അഭിപ്രായം തേടണം. അംഗങ്ങളെ വിലക്കാൻ ശേഷിയുള്ള സംഘടന, അവർക്ക്‌ പ്രശ്‌നം വരുമ്പോൾ കൂടെനിൽക്കാനും തയ്യാറാകണം.

‘‘റിപ്പോർട്ട്‌ പഠിച്ചത് മതി. ശക്തമായ നിലപാട്‌ ഉടൻ വ്യക്തമാക്കണം. ഞാൻ എന്നും ഈ  സ്ത്രീകൾക്കൊപ്പം ഉണ്ടാകും. റിപ്പോർട്ടിലെ വിവരങ്ങൾ വളരെ ഗൗരവമുള്ളതാണ്‌. വലിയ കോളിളക്കമാണുണ്ടാക്കുക. ഒരുപാടുപേർ അന്തസ്സോടെ തൊഴിലെടുക്കുന്ന മേഖലയാണ്‌. എല്ലാവരും മോശക്കാരാണെന്ന നിലവരുന്നത്‌ ശരിയല്ല. അതുകൊണ്ട്‌ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും കുറ്റക്കാർക്ക്‌ ശിക്ഷ വാങ്ങിക്കൊടുക്കാനും മുന്നിട്ടിറങ്ങേണ്ടത്‌  ‘അമ്മ’യാണ്‌.

ഇരകൾക്ക്‌ എല്ലാ സംരക്ഷണവും നൽകുമെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രിയും സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്‌. കൂടുതൽപേർ കേസുമായി രംഗത്തുവരുമ്പോൾ അമ്മ വ്യക്തമായ നിലപാടെടുക്കണം. ‘എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് മിണ്ടാതിരിക്കാം’ എന്നത്‌ ശരിയല്ല. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ ഞെട്ടിച്ചു.  ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ് സംസാരിച്ചത് ഞാൻ കേട്ടു. ‘അങ്ങനെയൊന്നുമല്ല, ഇങ്ങനെയൊന്നുമല്ല’ എന്ന് ഒഴുകിയും തെന്നിയും പറഞ്ഞ് ഇനിയും പോകാനാകില്ല.

സ്ത്രീകൾ തങ്ങളുടെ മാനവും ലജ്ജയും മാറ്റിവച്ച് കമ്മിറ്റിക്കുമുമ്പാകെ  തുറന്നുപറഞ്ഞ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്‌. അതിൽ നടപടി വേണം. സിനിമാസെറ്റിൽ എനിക്ക് മോശം നോട്ടംപോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അത് കളവാകും. എനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. ടേക്കുകൾ ആവർത്തിച്ച്‌ ചെയ്യിപ്പിച്ചിട്ടുണ്ട്. കതകിന് മുട്ടാൻ ആരെയും സമ്മതിച്ചിട്ടില്ല, അങ്ങനെ ചെയ്താൽ ദുരനുഭവം ഉണ്ടാകുമെന്ന് അവർക്ക് അറിയാമായിരുന്നു’’–- ഉർവശി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top