21 November Thursday

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: ഭിന്നത പ്രകടമാക്കി ഫിലിം ചേംബർ , കമ്മിറ്റിക്കും അംഗങ്ങൾക്കും വ്യത്യസ്‌താഭിപ്രായം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024


കൊച്ചി
സിനിമാരംഗത്ത്‌ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ്‌ കെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും കേരള ഫിലിം ചേംബർ ഓഫ്‌ കോമേഴ്‌സ്‌ ജനറൽബോഡി. അറുന്നൂറോളം അംഗങ്ങൾ പങ്കെടുത്ത ജനറൽബോഡിയിൽ ഭാരവാഹികളിൽ ചിലർ റിപ്പോർട്ട്‌ തള്ളി. ചർച്ചയ്‌ക്കിടെ അംഗങ്ങൾ ഇതിനെ ചെറുത്തു. ഫിലിംചേംബർ ഭരണസമിതി യോഗംചേർന്ന്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വിശദമായി ചർച്ചചെയ്യാനും ജനറൽബോഡി തീരുമാനിച്ചു.

റിപ്പോർട്ട്‌ സംബന്ധിച്ച്‌ ഫിലിം ചേംബറിന്‌ വ്യക്തമായ നിലപാടുണ്ടെന്ന്‌ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്‌ പറഞ്ഞു. സിനിമയിൽ സജീവമായ ആരും സിനിമാമേഖലയെ മോശമാക്കി മൊഴി നൽകിയിട്ടില്ല. സജീവമല്ലാത്തവരെക്കൊണ്ട്‌ പലതും ആസൂത്രിതമായി പറയിപ്പിച്ചതാണ്‌. ചിലർ ട്യൂഷൻ നൽകി പറഞ്ഞുവിട്ടവരാണ്‌ അത്തരം മൊഴി നൽകിയത്‌. തെറ്റുകാർ ശിക്ഷിക്കപ്പെടണമെന്നാണ്‌ ചേംബറിന്റെ അഭിപ്രായമെന്നും സജി നന്ത്യാട്ട്‌ പറഞ്ഞു. അംഗങ്ങളിൽ ചിലർ ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തോട്‌ വിയോജിച്ചു. അദ്ദേഹം പറഞ്ഞത്‌ ചേംബറിന്റെ ഔദ്യോഗിക നിലപാടല്ലെന്നും പറഞ്ഞു. തുടർന്നാണ്‌ ഭരണസമിതി ചേർന്ന്‌ റിപ്പോർട്ട്‌ വിശദമായി ചർച്ചചെയ്യാൻ തീരുമാനിച്ചത്‌.

സിനിമയ്ക്കുള്ളിൽമാത്രമല്ല പ്രശ്നങ്ങളെന്നും അങ്ങനെ ചിന്തിക്കുന്നവരാണ് വിഘടനവാദികളെന്നും ചേംബർ നൽകിയ സ്വീകരണത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പ്രശ്നങ്ങൾ എല്ലാ മേഖലയിലുമുണ്ട്. അത് താൻ 25 വർഷംമുമ്പേ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു.

അപ്പീൽ 
29ലേക്ക്‌ മാറ്റി
കൊച്ചി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന്‌ ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത്‌ ഹൈക്കോടതി 29ലേക്ക് മാറ്റി. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഹർജിയുടെ പ്രസക്തി നഷ്ടപ്പെട്ടില്ലേയെന്നും ആരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ലല്ലോ എന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു. കൂടുതൽ വാദം ഉന്നയിക്കാനുണ്ടെന്ന ഹർജിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് ഹർജി മാറ്റിയത്. സിംഗിൾ ബെഞ്ച് ഹർജി തള്ളിയതിനാലാണ് സജിമോൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top