03 November Sunday

ഹേമ കമ്മിറ്റി റിപ്പോർട്ടും വിവാദങ്ങളും ; മരവിപ്പ്‌ പടരുന്നു , ആശങ്കയിൽ സിനിമാലോകം

സ്വന്തം ലേഖകൻUpdated: Monday Sep 2, 2024


കൊച്ചി
ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവന്നശേഷമുണ്ടായ വിവാദങ്ങളുടെ മരവിപ്പ്‌ സിനിമാരംഗത്തെ ബാധിച്ചുതുടങ്ങി. ഓണക്കാലത്ത്‌ താരചിത്രങ്ങൾ തിയറ്ററിലെത്തുന്നുണ്ടെങ്കിലും പതിവ്‌ പ്രൊമോഷൻ പരിപാടികൾ ആരംഭിച്ചിട്ടില്ല. പുതിയ സിനിമാനിർമാണത്തിനുള്ള ടൈറ്റിൽ രജിസ്‌ട്രേഷൻ സാരമായി കുറഞ്ഞു. ഷൂട്ടിങ്ങിൽനിന്ന്‌ പ്രധാന താരങ്ങൾ വിട്ടുനിൽക്കുകയാണ്‌. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പൂർണരൂപത്തിൽ കോടതിയിലെത്തുമ്പോൾ വിവാദങ്ങൾ വീണ്ടും ഉണ്ടായാൽ സിനിമാവ്യവസായം വലിയ പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തുമെന്ന്‌ മേഖലയിലുള്ളവർ ഭയക്കുന്നു.

മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾ ഓണത്തിനില്ല. മോഹൻലാലിന്റെ ‘ബറോസ്‌’ ഓണത്തിനെത്തുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും ഒക്ടോബറിലേക്ക്‌ റിലീസ്‌ മാറ്റി. മമ്മൂട്ടിയുടെ ‘ബസൂക്ക’ ഡിസംബറിലാകും റിലീസ്‌. ടൊവിനോ നായകനായ ‘അജയന്റെ രണ്ടാം മോഷണം’, ആന്റണി വർഗീസിന്റെ ‘കൊണ്ടൽ’, ആസിഫ്‌ അലിയുടെ ‘കിഷ്‌കിന്ധാകാണ്ഡം’ തുടങ്ങിയവയാണ്‌ പ്രധാന ഓണംറിലീസുകൾ. വിജയ്‌യുടെ തമിഴ്‌ചിത്രം ‘ഗോട്ട്‌’ എത്തുന്നുണ്ട്‌. എന്നാൽ, പ്രൊമോഷൻ പരിപാടികൾ തുടങ്ങാത്തതിൽ തിയറ്റർ ഉടമകൾ ആശങ്കയിലാണ്‌. ഇത്തരം പരിപാടികൾ ഹേമ കമ്മിറ്റി വിവാദങ്ങൾക്ക്‌ മറുപടി പറയേണ്ട വേദിയാകുമോയെന്ന ഭയത്തിലാണ്‌ സിനിമാപ്രവർത്തകർ.

പുതിയ സിനിമാ ടൈറ്റിലുകളുടെ രജിസ്‌ട്രേഷനിൽ 25 ശതമാനം കുറവുവന്നതായി കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട്‌ പറഞ്ഞു. റിപ്പോർട്ട്‌, മേഖലയിൽ ഭയവും ജാഗ്രതയും ഉണ്ടാക്കിയിട്ടുണ്ട്‌. അത്‌ ഗുണം ചെയ്യുമെന്നാണ്‌ വിലയിരുത്തൽ. പരിചയസമ്പന്നരായ നിർമാതാക്കൾ രംഗംവിട്ടു. കഴിഞ്ഞവർഷത്തെ 219 സിനിമകളിൽ 190 എണ്ണവും പുതുമുഖ നിർമാതാക്കളുടേതാണ്‌. അത്തരക്കാർ പല ദോഷവും വരുത്തുന്നുണ്ടെന്ന്‌ സജി നന്ത്യാട്ട്‌ പറഞ്ഞു.

പുതിയ സിനിമകൾക്കായുള്ള ചർച്ചപോലും നിലച്ച അവസ്ഥയിലാണെന്ന്‌ തിയറ്റർ ഉടമാ സംഘടനയായ ഫിയോക്കിന്റെ മുൻ ജനറൽ സെക്രട്ടറി കെ വിജയകുമാർ പറഞ്ഞു. ഇത്‌ തുടർന്നാൽ അടുത്തവർഷം ഇതരഭാഷാസിനിമകളെ ആശ്രയിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

‘അമ്മ’ ഓഫീസിൽ 
പൊലീസ്‌ പരിശോധന
താരസംഘടന ‘അമ്മ’യുടെ കലൂരിലെ ഓഫീസിൽ പൊലീസ്‌ പരിശോധന. നടന്മാരായ ഇടവേള ബാബുവിനും മുകേഷിനുമെതിരെയുള്ള പീഡനപരാതികളിലാണ്‌ പ്രത്യേക അന്വേഷകസംഘം ഓഫീസിലെത്തി തെളിവുകൾ ശേഖരിച്ചത്‌. ആലുവ സ്വദേശിയായ നടിയുടെ പരാതികളിൽ ഇടവേള ബാബുവിനും മുകേഷിനുമെതിരെ ബലാത്സംഗക്കേസാണ്‌ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.

‘അമ്മ’യിൽ അംഗത്വം ലഭിക്കാൻ വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടതായാണ് ഇരുവർക്കുമെതിരെ നടി ഉന്നയിച്ച ആരോപണം. ഇരുവരും സംഘടനയുടെ ഭാരവാഹികളായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പെടെ അന്വേഷകസംഘം ശേഖരിച്ചതായാണ്‌ സൂചന.
അതേസമയം നടിയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്‌റ്റ്‌ തടയണമെന്നാവശ്യപ്പെട്ട്‌ മുകേഷ്‌ നൽകിയ ഹർജിയിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതി തിങ്കൾ വിശദവാദം കേൾക്കും. ചൊവ്വ വരെ മുകേഷിനെ അറസ്‌റ്റ്‌ ചെയ്യരുതെന്നാണ്‌ കോടതി ഉത്തരവ്‌.

രഞ്‌ജിത്തിനെതിരായ കേസ്‌ ; ഹോട്ടലിൽ 
തെളിവെടുത്തു
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ കതൃക്കടവിലെ ഹോട്ടലിൽ പ്രത്യേക അന്വേഷകസംഘം തെളിവെടുപ്പ്‌ നടത്തി. കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ ജോഷി ജോസഫിനെയും കൂട്ടിയായിരുന്നു തെളിവെടുപ്പ്‌. ജോഷി ജോസഫിന്റെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. ബംഗാളി നടി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയിലാണ്‌ നടപടി.

ഫാ. അഗസ്‌റ്റിൻ വട്ടോളിയുടെ 
മൊഴിയെടുത്തു
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ സാമൂഹ്യപ്രവർത്തകൻ ഫാ. അഗസ്‌റ്റിൻ വട്ടോളിയുടെ മൊഴിയെടുത്തു. കടമക്കുടിയിലെ വീട്ടിലെത്തിയാണ്‌ പ്രത്യേക അന്വേഷകസംഘം മൊഴിയെടുത്തത്. രഞ്ജിത്തിനെതിരെ ഗുരുതര ആരോപണമാണ് ബംഗാളി നടിയുടേതെന്നും ഇക്കാര്യം താൻ നേരത്തേ അറിഞ്ഞിരുന്നതാണെന്നും അഗസ്‌റ്റിൻ വട്ടോളി പറഞ്ഞു. 2009ൽ ഫാ. അഗസ്‌റ്റിൻ വട്ടോളിയോടും എഴുത്തുകാരി കെ ആർ മീരയോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്ന്‌ ജോഷി ജോസഫ്‌ വെളിപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top