21 November Thursday

ഹെെക്കോടതി പ്രത്യേക ബെഞ്ച് ; തെളിഞ്ഞത് സർക്കാർ നിലപാടിലെ ശരി

പ്രത്യേക ലേഖകൻUpdated: Friday Sep 6, 2024


തിരുവനന്തപുരം
സിനിമാ മേഖലയിലെ സ്‌ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ സർക്കാർ സ്വീകരിച്ച നിലപാട്‌ ശരിവയ്‌ക്കുന്നതായി ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്‌ രൂപീകരണ തീരുമാനം. റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികളും പരാതികളും ഈ രണ്ടംഗ ബെഞ്ച്‌ കേൾക്കും.

റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ അറസ്‌റ്റ്‌ അടക്കമുള്ള നടപടികളിലേക്ക്‌ കടക്കണമെന്ന പ്രതിപക്ഷത്തിന്റെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും മുറവിളിയുടെ രാഷ്‌ട്രീയവും ഇവിടെ മറനീക്കുകയാണ്‌. ജുഡീഷ്യൽ അധികാരമില്ലാത്ത കമ്മിറ്റിയായതിനാൽ ജുഡീഷ്യൽ കമീഷൻ ചെയ്യാറുള്ള തെളിവുശേഖരണമുൾപ്പെടെ ഹേമ കമ്മിറ്റി നടത്തിയിട്ടില്ല. നടപടി റിപ്പോർട്ടും കമ്മിറ്റി വച്ചിട്ടില്ല. അതുകൊണ്ടു തന്നെ റിപ്പോർട്ടിലെ പരാമർശം മാത്രംവച്ച്‌  അറസ്‌റ്റ്‌ ഉൾപ്പെടെയുള്ള നടപടികളിലേക്കും മറ്റും കടക്കാനാകില്ലെന്ന്‌ നിയമവൃത്തങ്ങളിൽ നിന്നടക്കം അഭിപ്രായമുയർന്നിരുന്നു.

പത്തും പതിനഞ്ചും വർഷം മുമ്പുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള പരാതികളായതിനാൽ സാങ്കേതികമായും നിയമപരമായും ഉൾപ്പെടെയുള്ള പല പ്രശ്നങ്ങളുമുണ്ടെന്നാണ്‌ വിവിധ കോടതികളിലായി വന്ന കേസുകൾ കാണിക്കുന്നത്‌. ഇതടക്കം പുതിയ ബെഞ്ച്‌ പരിശോധിക്കുമെന്നും വ്യക്തമാണ്‌. റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ എങ്ങനെയെല്ലാം കേസുകളെടുക്കാനാകുമെന്നതും കോടതിയുടെ മുന്നിൽ വരും. ഇക്കാര്യം പ്രത്യേക അന്വേഷകസംഘത്തിന്റെ മുന്നിലുമുള്ളതാണ്‌.

റിപ്പോർട്ട്‌ ലഭിച്ചതിനു പിന്നാലെ സിനിമാ മേഖലയിൽ സ്‌ത്രീകളുടെ സുരക്ഷയ്‌ക്കും ഈ മേഖലയിലെ അവരുടെ ഉന്നമനത്തിനും ആവശ്യമായ അടിയന്തര നടപടികളിലേക്ക്‌ കടക്കുകയായിരുന്നു സർക്കാർ. ആഭ്യന്തര പരാതിപരിഹാര സമിതികളും സിനിമ നിർമാണ രംഗത്ത്‌ കൂടുതൽ സ്‌ത്രീകളുടെ സാന്നിധ്യമുണ്ടാകാൻ സാമ്പത്തിക സഹായവും പുരസ്‌കാരങ്ങളും പരിശീലനവും സിനിമാനയത്തിനുള്ള മുന്നൊരുക്കവും ഇതിന്റെ ഭാഗമാണ്‌. അതേസമയം പരാതികളുടെ അടിസ്ഥാനത്തിൽ ഏത്‌ ഉന്നതനായാലും വിട്ടുവീഴ്‌ചയുണ്ടാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട്‌ വ്യക്തമാക്കുകയും ചെയ്‌തു. ഇതിനകം എടുത്ത 19 കേസിൽ ജാമ്യമില്ലാത്ത വകുപ്പ്‌ ചുമത്തിയവയുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top