കൊച്ചി
സിനിമാമേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 32 കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതിൽ 11 കേസും ഒരു അതിജീവിതയുടെ മൊഴിയിലാണ്. നാലു കേസിൽക്കൂടി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിയുടെ പ്രത്യേക അനുമതി തേടിയിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ് അറിയിച്ചു. കേസ് അന്വേഷിക്കുന്നത് പ്രത്യേക സംഘമായതിനാലാണ് ഈ നടപടിക്രമം.
ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി എസ് സുധയും അടങ്ങുന്ന പ്രത്യേക ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നോഡൽ ഓഫീസർകൂടിയായ എഐജി ജി പൂങ്കുഴലി കോടതിയിൽ അന്വേഷണപുരോഗതി അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയതിന് സംഘടനയിൽനിന്ന് പുറത്താക്കുമെന്ന് കാണിച്ച് ലഭിച്ച കാരണം കാണിക്കൽ നോട്ടീസ് മേക്കപ് ആർട്ടിസ്റ്റുകൾ കോടതിയിൽ ഹാജരാക്കി.
സിനിമാ മേഖലയ്‌ക്കായി പ്രത്യേക നിയമം വേണമെന്നാവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) ഫയൽചെയ്‌ത ഹർജിയിൽ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കക്ഷി ചേർന്നു. കക്ഷി ചേരാനുള്ള കുമ്പളം സ്വദേശിയായ മാധ്യമപ്രവർത്തകന്റെ അപേക്ഷ കോടതി തള്ളി. വിഷയം 19ന് വീണ്ടും പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..