കൊച്ചി> ബലാത്സംഗത്തിന് ഇരയായ പതിനാറുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പെൺകുട്ടിയുടെ അമ്മ നൽകിയ അപ്പീലിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്.
ഗർഭവുമായി മുന്നോട്ടുപോകാനുള്ള മാനസികശേഷി പെൺകുട്ടിക്കില്ലെന്നും വിഷാദരോഗത്തിന് അടിമപ്പെട്ടേക്കാമെന്നും ഡിവിഷൻ ബെഞ്ചിന്റെ നിർദേശപ്രകാരം പെൺകുട്ടിയെ പരിശോധിച്ച മാനസികാരോഗ്യ വിദഗ്ധൻ റിപ്പോർട്ട് നൽകി. തുടർന്നാണു ഗർഭഛിദ്രം അനുവദിച്ചത്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഡോക്ടർക്കും കോടതി നിർദേശം നൽകി. പെൺകുട്ടിയും മാതാപിതാക്കളും കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാനവും ബന്ധപ്പെട്ട ഏജൻസികളും ഏറ്റെടുക്കണമെന്നും നിർദേശിച്ചു. കേസുള്ളതിനാൽ ഡിഎൻഎ പരിശോധനയ്ക്കായി ഭ്രൂണത്തിന്റെ രക്തസാംപിളുകൾ ഉൾപ്പെടെ സൂക്ഷിക്കണം.
ആൺസുഹൃത്ത് ബലാൽസംഗം ചെയത് ഗർഭിണിയാക്കിയെന്നാണ് കേസ്. ഗർഭം ധരിച്ചത് വൈകിയാണ് അതിജീവിത മനസ്സിലാക്കിയത്. ഗർഭഛിദ്രത്തിനായി മാതാപിതാക്കൾക്കൊപ്പം ആശുപത്രികളെ സമീപിച്ചിരുന്നു. എന്നാൽ ഗർഭകാലത്തിന്റെ ഈ ഘട്ടത്തിൽ കോടതിയുടെ അനുമതി ആവശ്യമായിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചത്. ഭ്രൂണത്തിനു പ്രശ്നങ്ങളൊന്നും ഇല്ലെന്നും എന്നാൽ ഗർഭം തുടരുന്നതു അതിജീവിതയുടെ മാനസികാരോഗ്യത്തിന് ഗുരുതര പ്രശ്നമുണ്ടാക്കുമെന്നും സിംഗിൾ ബെഞ്ചിന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ മെഡിക്കൽ ബോർഡിൽ സൈക്യാട്രിസ്റ്റ് ഉണ്ടായിരുന്നില്ലെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..