കൊച്ചി
പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി, സംസ്കൃതം പേരുകൾ നൽകിയത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും പൊരുത്തപ്പെടാൻ സമയമെടുക്കുമെന്നും ഹൈക്കോടതി. പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി, സംസ്കൃതം പേരുകൾ നൽകിയത് ചോദ്യംചെയ്തുള്ള പൊതുതാൽപ്പര്യഹർജി പരിഗണിക്കവേയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ വാക്കാൽ പരാമർശം നടത്തിയത്. മാറിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ജുഡീഷ്യൽ അക്കാദമിയിലെ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്നും ഡിവിഷൻ ബെഞ്ച് അംഗങ്ങൾ പറഞ്ഞു.
പുതിയ ക്രിമിനൽ നടപടികളുടെ ഹിന്ദി തലക്കെട്ടുകൾ ഭരണഘടനയുടെ 348–--ാം അനുഛേദത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ഹർജി നൽകിയത് ഹൈക്കോടതി അഭിഭാഷകൻ പി വി ജീവേഷാണ്. ക്രിമിനൽ കേസുകൾ കെെകാര്യം ചെയ്യുമ്പോൾ നിയമങ്ങളുടെ പുതിയ പേരുകൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഹർജിയിൽ പറയുന്നു.
പാർലമെന്റ് പാസാക്കിയ നിയമത്തിൽ കോടതിക്ക് എങ്ങനെ ഇടപെടാനാകുമെന്നും വിദേശഭാഷയായ ഇംഗ്ലീഷ് പഠിച്ചതുപോലെ പുതിയ നിയമത്തിലെ ഹിന്ദി പേരുകളും പഠിച്ചെടുക്കാനാകില്ലേ എന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.
ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്കുപകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതിനിയം എന്നീ പേരുകളിലാണ് പുതിയ നിയമങ്ങളുള്ളത്. ഹിന്ദിയെ ദേശീയഭാഷയായി ഭരണഘടന വ്യവസ്ഥചെയ്തിട്ടില്ലെന്നും പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകളും പാസാക്കുന്ന നിയമങ്ങളും ഇംഗ്ലീഷിലായിരിക്കണമെന്ന് ഭരണഘടനയുടെ 348–--ാം അനുഛേദം വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമത്തിന്റെ പേരുകളും ഇംഗ്ലീഷിൽത്തന്നെയാകണം. രാജ്യത്തെ ജനങ്ങളിൽ 41 ശതമാനംമാത്രമാണ് ഹിന്ദി സംസാരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. ഹർജി 29ന് വീണ്ടും പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..