19 December Thursday

കനാലുകളുടെ നവീകരണം : അനുവദിച്ച തുക കലക്‌ടർക്ക്‌ നഗരസഭ കൈമാറണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020


കൊച്ചി
നഗരത്തിലെ കനാലുകളുടെ നവീകരണത്തിന് അനുവദിച്ച അഞ്ചുകോടിയോളം രൂപ രണ്ടാഴ്ചയ്‌ക്കകം കലക്ടർക്ക് കൈമാറണമെന്ന്‌ ഹൈക്കോടതി കൊച്ചി നഗരസഭയ്‌ക്ക്‌ നിർദേശം നൽകി.

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കനാലുകളുടെ നവീകരണം ഓപ്പറേഷൻ ബ്രേക്‌ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിന് പണം അനുവദിക്കാൻ നഗരസഭയോട്‌ കോടതി നിർദേശിക്കുകയായിരുന്നു. നിർമാണം  നടത്താമെന്ന നഗരസഭയുടെ ആവശ്യം തള്ളിയാണ് കോടതി കലക്ടറെ ചുമതല ഏൽപ്പിച്ചത്. സർക്കാർ അനുവദിച്ചാൽ പണം കലക്ടർക്ക് കൈമാറാമെന്ന നിലപാടാണ് നഗരസഭ കൗൺസിൽ കോടതിയിൽ സ്വീകരിച്ചത്. എന്നാൽ, വെള്ളപ്പൊക്കനിവാരണത്തിന് തനതുഫണ്ടിൽനിന്ന് നഗരസഭയ്‌ക്ക്‌ പണം അനുവദിക്കുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചു. നിർമാണം രണ്ടുമാസത്തിനകം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.

നഗരത്തിലെ വെള്ളക്കെട്ട് നല്ലൊരളവിൽ പരിഹരിക്കുന്നതിന് കലക്ടറുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ബ്രേക്‌ത്രൂ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി വിശദമാക്കി. വർഷംതോറും ആവർത്തിക്കുന്ന വെള്ളക്കെട്ടിന് ഗണ്യമായ പരിഹാരം കാണാൻ കോടതിയുടെ ഇടപെടലിലൂടെ സാധിച്ചു. മുല്ലശേരി അടക്കമുള്ള കനാലുകളുടെ നവീകരണം കലക്ടർതന്നെ നടത്തണം. നഗരസഭ അടക്കമുള്ളവരുടെ ഭാഗത്ത് ഏകോപനത്തിൽ വീഴ്ചയുണ്ടെന്നും കോടതി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top