20 December Friday

"ബോഡി ഷെയിമിങ്ങും' 
ഗാർഹിക പീഡനം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024


കൊച്ചി
സ്ത്രീകളുടെ ശരീരത്തെ കളിയാക്കുന്നത് (ബോഡി ഷെയിമിങ്‌) ഗാർഹിക പീഡന നിയമപ്രകാരം കുറ്റകൃത്യമാണെന്ന് ഹൈക്കോടതി. യുവതിയെ ഭർത്താവിന്റെ സഹോദരഭാര്യ കളിയാക്കിയ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാവശ്യപ്പെട്ടുള്ള ഹർജി തള്ളി ജസ്റ്റിസ് എ ബദറുദീനാണ് ഉത്തരവിറിക്കിയത്‌.

ഭർതൃവീട്ടിലെ താമസക്കാരെയെല്ലാം ബന്ധുവായി കണക്കാക്കാമെന്നും അവർക്കെതിരെ ഗാർഹികപീഡന നിയമപ്രകാരം കുറ്റം ചുമത്താമെന്നും കോടതി വ്യക്തമാക്കി. 2019ൽ വിവാഹിതയായി ഭർതൃവീട്ടിൽ എത്തിയതാണ്‌ യുവതി. അനുജന് യോജിച്ച ഭാര്യയല്ലെന്നും രൂപഭംഗിയില്ലെന്നും പറഞ്ഞ് ഭർത്താവിന്റെ മൂത്തസഹോദരന്റെ ഭാര്യ കളിയാക്കിയിരുന്നു. അനുജന് സുന്ദരിയായ മറ്റൊരാളെ കിട്ടുമായിരുന്നുവെന്നും പറഞ്ഞു. കൂടാതെ യുവതിയുടെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ സംശയം പറയുകയും ബിരുദസർട്ടിഫിക്കറ്റ് കൈക്കലാക്കി പരിശോധിക്കുകയും ചെയ്തു. ഇതോടെ വിഷമത്തിലായ യുവതി 2022ൽ ഭർതൃവീട്ടിൽനിന്ന് താമസം മാറി. പൊലീസിൽ പരാതിയും നൽകി. ഭർത്താവും ഭർതൃപിതാവും ഭർതൃസഹോദര ഭാര്യയുമായിരുന്നു പ്രതികൾ.

"ബോഡി ഷെയിമിങ്‌' സ്ത്രീകളോടുള്ള ക്രൂരതയല്ലെന്നും തനിക്ക് യുവതിയുമായി രക്തബന്ധമില്ലാത്തതിനാൽ, ഗാർഹികപീഡന നിയമത്തിൽ പറയുന്ന ‘ബന്ധു’ എന്ന നിർവചനത്തിൽപ്പെടില്ലെന്നും സഹോദരഭാര്യ വാദിച്ചു. എന്നാൽ, ശരീരത്തെ കളിയാക്കുന്നതും സർട്ടിഫിക്കറ്റ് പരിശോധനയും യുവതിയുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കുന്നതിനാൽ ഗാർഹിക പീഡനക്കേസ് നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. യുവതിയുടെ പരാതിയിൽ കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലുള്ള കേസ് തുടരാനും ഉത്തരവായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top