22 November Friday

വയനാട് ഉരുൾപൊട്ടൽ ; ദുരന്തസാധ്യതാമേഖലകൾ ശാസ്ത്രീയമായി 
കണ്ടെത്തണമെന്ന് ഹെെക്കോടതി

സ്വന്തം ലേഖികUpdated: Friday Aug 16, 2024



കൊച്ചി
വയനാട്ടിലെ ഉരുൾപൊട്ടലിൽ ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനൊപ്പം ദുരന്തസാധ്യതാമേഖലകൾ ശാസ്ത്രീയമായി കണ്ടെത്തണമെന്ന്‌ ഹൈക്കോടതി. ഒരു മേഖലയിൽ അസാധാരണ മഴയുണ്ടാകുമ്പോൾ ജനങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ വേണമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻനമ്പ്യാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

ഉരുൾപൊട്ടലിന്റെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തിയിട്ടുണ്ടോയെന്നും ഹൈ ക്കോടതി സ്വമേധയാ എടുത്ത ഹർജിയിൽ ആരാഞ്ഞു. എല്ലാ വെള്ളിയാഴ്ചയും നടപടികളുടെ പുരോഗതി വിലയിരുത്തുമെന്നും കോടതി അറിയിച്ചു.  വിശദീകരണത്തിനായി അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് സമയം തേടി.

ദുരന്തത്തിൽ 231 മരണം സ്ഥിരീകരിച്ചതിൽ 178 മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി സർക്കാർ അറിയിച്ചു. തിരിച്ചറിയാത്തവ ജില്ലാ ഭരണകേന്ദ്രം സംസ്‌കരിച്ചു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഡിഎൻഎ സാമ്പിൾ ശേഖരിച്ച് തിരിച്ചറിയാൻ ശ്രമം നടത്തുന്നു. 1555 വീടുകൾ വാസയോഗ്യമല്ലാതായി. 626 ഹെക്ടറിലെ കൃഷി നശിച്ചെന്നും 1200 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായും പ്രാഥമികവിവരങ്ങളായി അറിയിച്ചു.

വിശദറിപ്പോർട്ട് പിന്നീട് നൽകും
മൂന്നു പാലം, തദ്ദേശസ്ഥാപനങ്ങളുടെ 136 കെട്ടിടങ്ങൾ, 100 മറ്റ്‌ കെട്ടിടങ്ങൾ, 209 കടകൾ, രണ്ട് സ്‌കൂൾ, 1.5 കിലോമീറ്റർ റോഡ്, രണ്ടു ട്രാൻസ്‌ഫോർമർ, 124 കിലോമീറ്ററിലെ വൈദ്യുതി ലൈനുകൾ, 226 കന്നുകാലികൾ എന്നീ നാശനഷ്ടങ്ങളും സംഭവിച്ചതായി സർക്കാർ അറിയിച്ചു. കേന്ദ്ര ഗതാഗതമന്ത്രാലയം, ദേശീയപാത അതോറിറ്റി, നാഷണൽ റിമോട്ട് സെൻസിങ്‌ സെന്റർ എന്നിവരെയും കേസിൽ കക്ഷിചേർത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top