22 December Sunday
അസംബന്ധത്തിന് ചെവികൊടുക്കരുത് ; മാധ്യമങ്ങളെ ശകാരിച്ച് ഹെെക്കോടതി

സഹായം വൈകരുത് ; കേന്ദ്രത്തിന്‌ ഹൈക്കോടതിയുടെ താക്കീത്‌

സ്വന്തം ലേഖകൻUpdated: Thursday Oct 10, 2024


കൊച്ചി
മുണ്ടക്കൈ ദുരന്തത്തിന്റെ ഭാഗമായി സഹായധനം അനുവദിക്കുന്നതിൽ കേരളത്തോട്‌ കടുത്ത വിവേചനം തുടരുന്ന കേന്ദ്രസർക്കാരിന്‌ ഹൈക്കോടതിയുടെ താക്കീത്‌.  സഹായം ഇനിയും വൈകരുതെന്നും വയനാടിനായി എന്തെങ്കിലും ചെയ്യൂ എന്നും  ഹൈക്കോടതി കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. സഹായം വൈകുന്നത് പുനരധിവാസപ്രവർത്തനങ്ങളെ ബാധിക്കും–- ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ദേശീയ ദുരന്തനിവാരണനിധിയിൽനിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുമുള്ള ഫണ്ട് എപ്പോൾ നൽകാനാകും എന്നതടക്കമുള്ള കാര്യങ്ങൾ അറിയിക്കാൻ നാലിന്‌ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസഹായവുമായി ബന്ധപ്പെട്ട റിപ്പോർട്ട് 18ന് സമർപ്പിക്കാമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. ദുരന്തബാധിതരുടെ ബാങ്ക് വായ്‌പ എഴുതിത്തള്ളുന്നതിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയും കോടതി പ്രകടിപ്പിച്ചു.

പുനരധിവാസപ്രവർത്തനങ്ങളെക്കുറിച്ച്‌ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയാണെന്ന് കോടതിയെ സർക്കാർ ബോധ്യപ്പെടുത്തി.  വിമർശങ്ങൾ കാര്യമാക്കേണ്ടെന്നും പുനരധിവാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കോടതി നിർദേശിച്ചു. 

പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിവരികയാണെന്ന് സർക്കാർ അറിയിച്ചു. ഭൂരിഭാഗം അപേക്ഷകളിലും തീരുമാനമെടുത്തു. അർഹതയില്ലാത്തവരെ അക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്. പുനരധിവാസത്തിനായി തെരഞ്ഞെടുത്ത രണ്ടു മേഖലകളുടെ വിശാദംശങ്ങൾ സർക്കാർ നൽകി. പുനരധിവാസമേഖലകളിൽ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ പാടില്ലെന്ന് കോടതി നിർദേശിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹർജികൾ എല്ലാ വെള്ളിയാഴ്ചയും ഹൈക്കോടതി പരിഗണിക്കും.

അസംബന്ധത്തിന് ചെവികൊടുക്കരുത് ; മാധ്യമങ്ങളെ ശകാരിച്ച് ഹെെക്കോടതി
മുണ്ടക്കൈ ഉരുൾപൊട്ടലിനുപിന്നാലെ കേന്ദ്രസഹായത്തിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച നിവേദനത്തിലെ എസ്റ്റിമേറ്റ് തുകയെ ചെലവായി വ്യാഖ്യാനിച്ച് വാർത്ത നൽകിയ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ദോഷകരമാകാത്ത വിധം വാർത്തകൾ നൽകാൻ മാധ്യമപ്രവർത്തകർ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കോടതി നിർദേശിച്ചു. തെറ്റായ വാർത്തകൾ ദുരന്തനിവാരണ പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്ന്‌ ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് ഓൺലൈനിൽ ഹാജരായി ഹൈക്കോടതിയെ അറിയിച്ചപ്പോഴാണ്‌ മാധ്യമങ്ങളെ ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, വി എ ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച്‌ വിമർശിച്ചത്‌.

അസംബന്ധങ്ങൾക്ക് സർക്കാർ ചെവികൊടുക്കേണ്ട. ലക്ഷ്യത്തിൽനിന്ന് പിന്തിരിയരുത്‌. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ബോധ്യമുണ്ട്. മാധ്യമങ്ങളെ അക്കാര്യം ബോധ്യപ്പെടുത്തേണ്ടതില്ല. സമൂഹതാൽപ്പര്യത്തിനെതിരായ തെറ്റായ വാർത്തകൾ പുനരധിവാസ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും. തെറ്റായ വ്യാഖ്യാനങ്ങൾ നൽകുന്നതിൽനിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിവിഷൻ ബെഞ്ച്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top