കൊച്ചി
ഒരു മതവിശ്വാസവും ഭരണഘടനയ്‌ക്ക് മുകളിലല്ലെന്നും ഭരണഘടനയാണ് പരമോന്നതമെന്നും ഹൈക്കോടതി. മുൻ ധനമന്ത്രിക്ക് മുസ്ലിം വിദ്യാർഥിനി ഹസ്തദാനം നൽകിയത് ശരിഅത്ത് നിയമത്തിന്റെയും മതവിശ്വാസത്തിന്റെയും ലംഘനമാണെന്നാരോപിച്ച പ്രതി കോടതിയിൽ കീഴടങ്ങി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. മുതിർന്ന പെൺകുട്ടി മറ്റൊരു പുരുഷനെ സ്പർശിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനിക്കെതിരായ തന്റെ പ്രസംഗം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുന്ദമംഗലം സ്വദേശി അബ്ദുൾ നൗഷാദിനെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.
കോഴിക്കോട്ടെ സ്വകാര്യ ലോ കോളേജ് വിദ്യാർഥിനി കോളേജിലെ സംവാദവേദിയിൽ മന്ത്രിയിൽനിന്ന് സമ്മാനം വാങ്ങുമ്പോൾ ഹസ്‌തദാനം ചെയ്‌തതിനെത്തുടർന്ന് പ്രതി ഫെയ്‌സ്ബുക്ക് വഴി അപവാദപ്രചാരണം നടത്തിയെന്നാണ് കേസ്. 2016ലാണ് കോളേജിൽ മന്ത്രി വിദ്യാർഥികളുമായി സംവാദത്തിൽ ഏർപ്പെട്ടത്. പങ്കെടുത്തവർക്ക് സമ്മാനങ്ങളും നൽകി. രണ്ടുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണത്തിനാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്.
‘ഒരാളുടെ മതവിശ്വാസം മറ്റൊരാളിൽ അടിച്ചേൽപ്പിക്കാനാകില്ല. ഒരോരുത്തരുടെയും വിശ്വാസം വ്യക്തിപരമാണ്. പൗരന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാൻ ഭരണഘടന അനുവദിക്കുന്ന രാജ്യത്ത് വിശ്വാസത്തിനും മുകളിൽ ഭരണഘടനയാണ്.നൂറ്റാണ്ടുകളായി മതാചാരങ്ങളോട് യോജിക്കാനോ വിയോജിക്കാനോ പൗരന് അവകാശമുണ്ട്’–ഇത് വ്യക്തമാക്കിയാണ് പ്രതിയോട് വിചാരണ നേരിടാൻ കോടതി നിർദേശിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..