05 December Thursday

ഉന്നത വിദ്യാഭ്യാസമേഖല: 
ദിശാമാറ്റം അനിവാര്യം–-മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024

കളമശേരി > ഉന്നത വിദ്യാഭ്യാസമേഖലയിൽ വിദഗ്ധസമിതികൾ നടത്തുന്ന ഇടപെടലുകളുടെയും നിർദേശങ്ങളുടെയും തുടർച്ചയായി സമഗ്രവും സമൂലവുമായ ദിശാമാറ്റം അനിവാര്യമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. ആഗോളതലത്തിലുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് ജനുവരിയിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്‌ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് സർക്കാരിന്റെ കാഴ്ചപ്പാടിന്റെകൂടി ഭാഗമാണെന്നും മന്ത്രി പറഞ്ഞു.  -കൊച്ചി സർവകലാശാലയിൽ കോൺക്ലേവിന്റെ സംഘാടകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ  ‘ഷേപ്പിങ്‌ കേരളാസ് ഫ്യൂചർ–- - ഇന്റർനാഷണൽ കോൺക്ലേവ് ഓൺ നെക്സ്റ്റ്-–-ജെൻ ഹയർ എഡ്യുക്കേഷൻ' ജനുവരി 14നും 15നുമാണ്‌ കൊച്ചിയിൽ സംഘടിപ്പിക്കുന്നത്‌. ഇനി മസ്തിഷ്‌കനേട്ടത്തിന്റെയും റിവേഴ്സ് മൈഗ്രേഷന്റെയും കാലഘട്ടമാണെന്ന്‌ യോഗത്തിൽ മുഖ്യാതിഥിയായിരുന്ന വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായമേഖല നേരിടുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിന് ഗവേഷകരും അക്കാദമിക സമൂഹവും വ്യവസായവും ഒരുമിച്ചുപോകുന്ന സംവിധാനം ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

എംഎൽഎമാരായ കെ ജെ മാക്‌സി, സി കെ ആശ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, രജിസ്ട്രാർ ഡോ. എ യു അരുൺ, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ചെയർമാൻ സയീദ് മിർസ, വിവിധ സർവകലാശാലകളിലെ വൈസ്ചാൻസലർമാർ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top