കൊച്ചി
പെൻഷൻ തീയതിയുടെ മുൻഗണനാക്രമത്തിൽ ഹയർ ഓപ്ഷൻ പെൻഷൻ അപേക്ഷ പരിഗണിക്കുന്നത് അട്ടിമറിച്ച് ഇപിഎഫ് മേഖലാ ഓഫീസുകൾ. കോടതിവിധിയുമായി എത്തുന്നവർക്ക് മുൻഗണന നൽകുന്ന രീതി സ്വീകരിച്ചതോടെ പല മേഖലാ ഓഫീസുകളിലും പതിനായിരക്കണക്കിന് അപേക്ഷയാണ് കെട്ടിക്കിടക്കുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിലായി ഒക്‌ടോബറിലെ കണക്കനുസരിച്ച് 79,835 അപേക്ഷകരുണ്ട്. എന്നാൽ ഉയർന്ന പെൻഷൻ അനുവദിച്ചത് 910 പേർക്ക് (ഏകദേശം രണ്ടുശതമാനം) മാത്രമാണ്. കൊച്ചി റീജണൽ ഓഫീസിൽ 32,892 അപേക്ഷകരുള്ളതിൽ 779 പേർക്കാണ് പെൻഷൻ നൽകിത്തുടങ്ങിയത്. അതായത്, 2.32 ശതമാനത്തിനുമാത്രം. രണ്ടുവർഷംമുമ്പ് അപേക്ഷിച്ചവർവരെ കാത്തിരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽപേർ ഹയർ ഓപ്‌ഷൻ നൽകി കാത്തിരിക്കുന്നത് കൊച്ചി ഓഫീസിലാണ്. മുപ്പതിനായിരത്തിലധികം അപേക്ഷയാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതാണ് കാലതാമസത്തിന് കാരണമെന്നാണ് വിശദീകരണം. എന്നാൽ കോടതിവിധിയുമായി എത്തുന്നവർക്ക് അടിയന്തരമായി പെൻഷൻ അനുവദിക്കുന്നുമുണ്ട്.
പെൻഷൻ കുടിശ്ശിക ലഭിക്കാനുള്ളവർ, ഹയർ ഓപ്‌ഷൻ നൽകി വലിയ തുക വിഹിതം അടച്ച് കാത്തിരിക്കുന്നവർ, ഹയർ ഓപ്‌ഷൻ നൽകി ഡിമാൻഡ് നോട്ടീസ് കാത്തിരിക്കുന്നവർ എന്നിങ്ങനെ മൂന്നുതരം അപേക്ഷകരാണ് ഇപിഎഫ്‌ഒയിലുണ്ട്. 1995 മുതലുള്ള രേഖകൾ പരിശോധിച്ചാണ് കൂടിയ പെൻഷൻ എത്രയെന്ന് തീർപ്പുവരുത്തേണ്ടത്. രേഖകൾ പരിശോധിക്കാൻ സമയമെടുക്കുമെന്ന് ഇപിഎഫ് അധികൃതരുടെ വാദം. അതേസമയം, പിപിഒ (പെൻഷൻ പേ ഓർഡർ) നമ്പരിലെ ക്യുആർ കോഡിൽ പെൻഷണറുടെ എല്ലാ വിവരങ്ങളും ഉണ്ടാകും. ഇത് മിനിറ്റുകൾക്കകം പരിശോധിക്കാനാകുമെന്നിരിക്കെയാണ് തടസ്സവാദമുയർത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..