22 December Sunday

കുഴൽപ്പണത്തിന്‌ പിന്നാലെ ഹൈവേ കൊള്ള: ബിജെപി വീണ്ടും പ്രതിക്കൂട്ടിൽ

സ്വന്തം ലേഖകൻUpdated: Monday Aug 5, 2024

തൃശൂർ> കൊടകര കുഴൽപ്പണക്കടത്തിനും കൊടുങ്ങല്ലൂരിലെ കള്ളനോട്ടടിക്കും പിന്നാലെ മുംബൈ ദേശീയപാതയിൽ കൊള്ളയും പുറത്തായതോടെ ബിജെപി വീണ്ടും പ്രതിക്കൂട്ടിൽ. മുംബൈ ദേശീയപാത കേന്ദ്രീകരിച്ച് കോടികൾ കൊള്ളയടിച്ച കേസിലാണ്‌ ബിജെപി നേതാക്കളടക്കം അഞ്ചുപേരെ ശനിയാഴ്‌ച  ചാലക്കുടി പൊലീസ്‌ പിടികൂടി മുംബൈ പൊലീസിന്‌ കൈമാറിയത്‌. ബിജെപി അതിരപ്പിള്ളി മണ്ഡലം വൈസ് പ്രസിഡന്റ്‌ കണ്ണൻകുഴി  മുല്ലശേരി  കനകാംബരനാണ്‌  മുഖ്യപ്രതി . ബിജെപി, ബിഎംഎസ്  പ്രവർത്തകരായ  വെറ്റിലപ്പാറ  ചിത്രകുന്നേൽ സതീശൻ(48), വെറ്റിലപ്പാറ  പുത്തനമ്പൂക്കൻ  അജോ(42) എന്നിവരടക്കം അഞ്ചുപേർ 73 ലക്ഷം കൊള്ളയടിച്ചതായാണ്‌ കേസ്‌. ഇവർ മുംബൈ കേന്ദ്രീകരിച്ച്‌ ഏഴ്‌ കോടി കവർന്ന കേസിലെയും പ്രതികളാണ്‌. പ്രതികൾക്ക്‌ ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്നാണ്‌ വിവരം.

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അറിവോടെയാണ്‌ കേരളത്തിലേക്ക്‌ കുഴൽപ്പണം കടത്തിയതെന്ന്‌ അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേഷ്‌  നിർദേശിച്ച പ്രകാരം ഇടനിലക്കാരൻ ധർമരാജൻ  വഴി  ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്‌ക്ക് കൈമാറാനുള്ള പണമാണ്‌ കവർന്നത്‌.    കേസിൽ  കെ സുരേന്ദ്രൻ,  തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ് കുമാർ, ജനറൽ സെക്രട്ടറി ഹരി, മേഖലാ സെക്രട്ടറി കാശിനാഥൻ, ജില്ലാ ട്രഷറർ സുജയസേനൻ തുടങ്ങി പതിനാറോളം നേതാക്കളെ  ചോദ്യം ചെയ്‌തിരുന്നു.  കുഴൽപ്പണ കവർച്ചാക്കേസിൽ വെള്ളിക്കുളങ്ങരയിലെ ബിജെപി പ്രവർത്തകൻ  വെട്ടിയാട്ടിൽ ദീപക്  പ്രതിയാണ്‌.  25 ലക്ഷം കവർച്ച ചെയ്‌തുവെന്നായിരുന്നു പരാതി.  അന്വേഷണത്തിൽ മൂന്നരകോടി കവർന്നതായി കണ്ടെത്തി. തുടർ അന്വേഷണത്തിൽ   നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 41.4 കോടി കുഴൽപ്പണം ഇറക്കിയതായി കണ്ടെത്തി.  

കേസ്‌ സമഗ്രമായി  അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  അന്വേഷണ സംഘം എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനും,  തെരഞ്ഞെടുപ്പു കമീഷനും  ഇൻകംടാക്‌സ്‌ വകുപ്പിനും വിശദമായ റിപ്പോർട്ട്‌ അയച്ചിരുന്നു. എന്നാൽ വെളിച്ചം കണ്ടില്ല. കൊടുങ്ങല്ലൂരിൽ കള്ളനോട്ടും നോട്ടടി യന്ത്രവും കണ്ടെടുത്ത കേസിൽ ബിജെപിക്കാരായ എരാശേരി  രാകേഷ്, സഹോദരൻ രാജീവ്, കോന്നംപറമ്പിൽ ജിത്തു എന്നിവർ അറസ്റ്റിലായിരുന്നു.
 രാജീവ് യുവമോർച്ച കയ്‌പമംഗലം മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു, രാകേഷ് ബിജെപി ബൂത്ത് പ്രസിഡന്റും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top