23 December Monday

ഹിന്ദി ഭാഷാ പ്രാവീണ്യം ഉയര്‍ത്തുന്നതിനായി കൈറ്റിന്റെ ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ്; മന്ത്രി ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

തിരുവനന്തപുരം > കുട്ടികളുടെ ഹിന്ദി ഭാഷാ പ്രാവീണ്യം ഉയര്‍ത്തുന്നതിനായി കൈറ്റ് വികസിപ്പിച്ച ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതി പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‍വെയറിലാണ് തയാറാക്കിയിട്ടുള്ളത്. ഹിന്ദി ലാംഗ്വേജ് ലാബ് സോഫ്റ്റ്‍വെയര്‍ സ്കൂളുകളില്‍ നിലവിലുള്ള കമ്പ്യൂട്ടറുകള്‍ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയും.

ഹിന്ദി ലാംഗ്വേജ് ലാബില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കുമുള്ള ലോഗിനുകള്‍ ഉണ്ട്. കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും ഓഡിയോ-വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ഭാഷാവ്യവഹാര രൂപങ്ങള്‍ നിര്‍മ്മിക്കാനുമുള്ള ഗെയിം അധിഷ്ഠിത ഇന്ററാക്ടീവ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയും. അധ്യാപകര്‍ക്ക് ഓരോ കുട്ടിയും പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങള്‍ കാണാനും വിലയിരുത്താനും മെച്ചപ്പെടുത്താനുള്ള പിന്തുണ നല്‍കാനും പഠനപുരോഗതി നിരീക്ഷിക്കുന്നതിനും കഴിയുന്ന തരത്തിലാണ് സോഫ്റ്റ് വെയർ തയാറാക്കിയിട്ടുള്ളത്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ തലങ്ങളിലും സര്‍ക്കാര്‍ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനപ്രസം​ഗത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രൈമറി മേഖലയിലെ ഐടി പഠനവും ഐടി സഹായകപഠനവും മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. നവീകരിച്ച ഐസിടി പാഠപുസ്തകം അടിസ്ഥാനപ്പെടുത്തിയുള്ള പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പ്രൈമറിതലത്തില്‍ കാര്യക്ഷമമായി ഐസിടി പഠനം ഉറപ്പുവരുത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെത്തുന്ന ഓരോ വിദ്യാര്‍ഥിയും മാതൃഭാഷ കൂടാതെ രണ്ട് ഭാഷകള്‍ കൂടി പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്. ഇതരഭാഷകള്‍ ഒരേപോലെ ഉപയോഗിക്കാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയുക എന്നത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷയില്‍ കുട്ടികളുടെ പ്രാവീണ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് നടപ്പാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബിന്റെ തുടര്‍ച്ചയായി ഹിന്ദി ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് ഇ- ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് പദ്ധതി പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുകയാണ്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ബാംഗ്ലൂര്‍, റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തിയ പഠനത്തില്‍ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി ഫലപ്രദമാണെന്ന് കണ്ടെത്തുകയും റിപ്പോര്‍ട്ട് ലഭിച്ചിട്ടുമുണ്ടെന്ന് മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top