24 November Sunday

പട്ടികജാതി വിഭാഗക്കാരുടെ ഡീലർഷിപ് അകാരണമായി റദ്ദാക്കി;ഹിന്ദുസ്ഥാൻ പെട്രോളിയം 
ഉദ്യോഗസ്ഥർക്കെതിരെ 
വിജിലൻസ്‌ അന്വേഷണം

പ്രത്യേക ലേഖകൻUpdated: Sunday Sep 1, 2024

പാലക്കാട്‌
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ പെട്രോൾ പമ്പിന്‌ ഡീലർഷിപ്‌ എടുത്ത പട്ടികജാതി വിഭാഗക്കാരായ ഡീലർമാരെ അകാരണമായി ഒഴിവാക്കിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണം. സംസ്ഥാനത്ത്‌ ആറ്‌ ഡീലർമാരെയാണ്‌ കമ്പനിയുടെ മാർക്കറ്റിങ്‌ ഡിസിപ്ലിൻ ഹെഡ്‌ലൈൻ (എംഡിജി) നിയമങ്ങൾ പാലിക്കാതെ ഒഴിവാക്കിയത്‌. കെ വിദ്യാധരൻ –ഹരി ഫ്യുവൽസ്‌ വൈക്കം, ജലജ – നീതു ഫ്യുവൽസ്‌ മൈനാഗപ്പള്ളി, കൊല്ലം. സി കെ മോഹിനി – മോഹിനി ഫ്യുവൽസ്‌, പത്തനംതിട്ട, കെ ബാലസുബ്രഹമണ്യൻ – കെ വി പെട്രോളിയം, ചെർപ്പുളശേരി.

അനിരുദ്ധൻ –- ഭദ്ര ഏജൻസീസ്‌, എങ്ങണ്ടിയൂർ, തൃശൂർ. കന്തസ്വാമി – തത്ത ഫ്യുവൽസ്‌, അഗളി, പാലക്കാട്‌ എന്നിവരുടെ പെട്രോൾ പമ്പുകളുടെ ഡീലർഷിപ്പാണ്‌ കാരണമില്ലാതെ റദ്ദാക്കിയത്‌. ഈ ഡീലർഷിപ്പുകൾ സംവരണം അട്ടിമറിച്ച്‌ ജനറൽ വിഭാഗത്തിലേക്ക്‌ മാറ്റി നൽകി. ഇതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്ന പരാതിയിലാണ്‌ ഹിന്ദുസ്ഥാൻ പെട്രോളിയത്തിലെ എറണാകുളം, കോഴിക്കോട്‌ റീജണൽ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചത്‌.

തിരുവനന്തപുരം സെക്രട്ടറിയറ്റിലെ വിജിലൻസ്‌ വിഭാഗത്തിനാണ്‌ അന്വേഷണചുമതല. മുൻകൂർ നോട്ടീസ്‌ നൽകാതെയും വിശദീകരണം ചോദിക്കാതെയുമാണ്‌ ഡീലർഷിപ്‌ റദ്ദാക്കിയതെന്ന്‌ കേരള സ്‌റ്റേറ്റ്‌ ഷെഡ്യൂൾഡ്‌ കാസ്‌റ്റ്‌ ആൻഡ്‌ ട്രൈബ്‌സ്‌ പെട്രോളിയം ഡീലേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ സി കെ മോഹിനി വിജിലൻസ്‌ ഡയറക്ടർക്ക്‌ നൽകിയ പരാതിയിൽ പറഞ്ഞു. ശനിയാഴ്‌ച വിജിലൻസ്‌ ഉദ്യോഗസ്ഥർ പരാതിക്കാരിയിൽനിന്ന്‌ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top