24 December Tuesday

ലക്ഷ്മിയമ്മയ്ക്ക് ഇനി വേദനയില്ലാതെ നടക്കാം; നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

മലപ്പുറം> ഇടുപ്പെല്ല് ശസ്ത്രക്രിയ പൂർത്തിയായതോടെ നിലമ്പൂർ പാലേമാട് സ്വദേശിനിയായ 98 വയസുകാരി ലക്ഷ്മിയമ്മയ്ക്ക് ഇനി വേദനയില്ലാതെ നടക്കാം. ഇടുപ്പ് സന്ധിയുടെ ഭാഗം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയത്.

ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച മോഡുലാർ ഓപ്പറേഷൻ തീയറ്ററിലാണ് ശസ്ത്രക്രിയ നടത്തിയത്. പ്രായം വെല്ലുവിളിയായിരുന്നെങ്കിലും ആശുപത്രി ജീവനക്കാരുടെ മികച്ച ചികിത്സയും പരിചരണവും കൊണ്ട് അഞ്ചു ദിവസത്തിന് ശേഷം ലക്ഷ്മിയമ്മ ആശുപത്രി വിട്ടു. ഇനി സ്വന്തം കാര്യങ്ങൾ ലക്ഷ്മിയമ്മക്ക് സ്വയം ചെയ്യാനാകും. മാതൃകാപരമായ ചികിത്സയൊരുക്കിയ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദനം അറിയിച്ചു.

വീണതിനെ തുടർന്ന് കിടപ്പിലായ അവസ്ഥയിലാണ് ലക്ഷ്മിയമ്മയെ നവംബർ 12-ാം തീയ്യതി നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിയത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം സർജറി നിർദേശിച്ചു. എന്നാൽ പ്രായവും രക്താതിമർദവും തടസമായെങ്കിലും നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവും സംഘവും വെല്ലുവിളി ഏറ്റെടുത്തു. സർജൻ ഡോ. മനോജിന്റെ നേതൃത്വത്തിലുളള ഓർത്തോ വിഭാഗം നവംബർ 15ന് സർജറി വിജയകരമായി പൂർത്തീകരിച്ചു.

ഓർത്തോ വിഭാഗത്തിലെ ഡോ. നിഷാദ്, ഡോ. ഷാക്കിർ, ഡോ. റസാഖ് എന്നിവരും അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ഫാസിൽ, ഡോ. ശ്രീകാന്ത്, നഴ്സുമാരായ സുധ, സിന്ധു, അനസ്‌തേഷ്യ വിഭാഗത്തിലെ ടെക്നീഷ്യൻമാർ എന്നിവരും സർജറി വിജയകരമാക്കാൻ സഹായിച്ചു. ഡിസ്ചാർജ് ആയ ലക്ഷ്മിയമ്മയെ അശുപത്രി അധികൃതർ സന്തോഷത്തോടെ വീട്ടിലേക്കയച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top