27 November Wednesday

അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി; മകന് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

ആലപ്പുഴ > അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കടക്കരപ്പള്ളി നിവർത്തിൽ വീട്ടിൽ സന്തോഷ് (49) നെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി  എസ് ഭാരതി ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2019 മാർച്ച് 31 നായിരുന്നു. പ്രതിയായ മകന് തൻ്റെ ഭാര്യയുമൊത്ത്  സ്വൈര്യമായി ജീവിക്കുന്നതിന് ശാരീരക അവശതകളും ഓർമ്മക്കുറവും ഉണ്ടായിരുന്ന അമ്മ കല്യാണി (75)തടസമാണെന്ന്  കണ്ട് അമ്മയും മകനും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത്   പ്രതി അമ്മയെ ചവിട്ടിയും തൊഴിച്ചും കഴുത്തിന് കുത്തിപ്പിടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതി അമ്മയെ ആശുപത്രിയിലെത്തിക്കുകയും സ്വഭാവിക മരണമാണെന്ന് പൊലീസിൽ മൊഴി നൽകുകയും ചെയ്തു. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ വാരിയെല്ലുകളും ഇടുപ്പെല്ലുകളും പൊട്ടി ഗർഭപാത്രത്തിനും മറ്റും മുറിവുകൾ സംഭവിച്ച് അമിത രക്തസ്രാവം ഉണ്ടായി മരണപ്പെട്ടതാണെന്ന്  വ്യക്തമായി.

പിന്നീട് പട്ടണക്കാട് സബ് ഇൻസ്പെക്ടർ അമൃത് രംഗൻ നടത്തിയ അന്വേഷണത്തിലാണ്  അമ്മയെ സ്വന്തം മകനായ പ്രതി കൊലപ്പെടുത്തുകയായിരുന്നുവെന്ന്  തെളിഞ്ഞത്. കേസിലെ പ്രധാന സാക്ഷിയായിരുന്ന പ്രതിയുടെ സഹോദരിയും കൊല്ലപ്പെട്ട കല്യാണിയുടെ മകളുമായ സുധർമ്മയും അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തും സാക്ഷിവിസ്താരസമയം കൂറ് മാറിയിരുന്നു. എന്നാൽ അയൽവസികളുടെ മൊഴിയും സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണ്ണായകമായത്.  പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ, അഭിഭാഷകരായ ജി നാരായണൻ , അശോക് നായർ, ദീപ്തി കേശവ് എന്നിവർ ഹാജരായി. സബ് ഇൻസ്പെക്ടർ റ്റി രാജേഷ് , സിവിൾ പോലീസ് ഓഫീസർ അനൂപ് ആൻ്റണി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top