തൃശൂർ> ഹിവാൻ നിക്ഷേപത്തട്ടിപ്പുകേസിലെ പ്രതി കെപിസിസി മുൻ സെക്രട്ടറി സി എസ് ശ്രീനിവാസന്റെ വാഹനങ്ങൾ പിടിച്ചെടുത്ത് കമീഷണർ ഓഫീസിലെത്തിച്ചു. ഹ്യുണ്ടായിയുടെ ക്രെറ്റയും (കെഎൽ 08 ബിഎൽ 56), മഹീന്ദ്ര ബൊലേറോയും (കെഎൽ 32 6027) ആണ് കസ്റ്റഡിയിലെടുത്തത്.
സി എസ് ശ്രീനിവാസന്റെ അന്നമനടയിലെ വീട്ടിൽ നിന്നാണ് ക്രെറ്റ പിടിച്ചെടുത്തത്. പൂങ്കുന്നം ചക്കാമുക്കിലെ കമ്പനിയിൽ നിന്ന് ബൊലേറയും കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനയ്ക്കുശേഷം വാഹനങ്ങൾ കോടതിയിൽ ഹാജരാക്കും. പൂങ്കുന്നം ചക്കാമുക്കിലെ കമ്പനി ആസ്ഥാനത്ത് ശ്രീനിവാസനെ എത്തിച്ച് ഞായറാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. ജീവനക്കാരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. ചെയർമാൻ സുന്ദർ മേനോൻ, ഡയറക്ടർ ബിജു മണികണ്‌ഠൻ എന്നിവരെയും ചോദ്യം ചെയ്‌തിരുന്നു. മൂന്നുപേരെയും ഒന്നിച്ച് ചോദ്യം ചെയ്യും. നിലവിൽ തൃശൂർ വെസ്‌റ്റ് സ്‌റ്റേഷനിൽ 18 കേസ് നിലവിലുണ്ട്. ഇതുപ്രകാരം മാത്രം നിക്ഷേപകർക്ക് 9.85 കോടി തിരിച്ചു നൽകാനുണ്ട്.
ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പാലക്കാട്, ആലത്തൂർ സ്‌റ്റേഷനുകളിലും കേസുകളുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിബന്ധനകൾക്ക് വിരുദ്ധമായാണ് നിക്ഷേപങ്ങൾ സ്വീകരിച്ചിട്ടുള്ളത്. കേസിൽ മൂന്ന് പ്രതികളാണ് അറസ്‌റ്റിലായത്. മറ്റു പ്രതികൾ ഉടൻ അറസ്‌റ്റിലാവുമെന്ന് അന്വേഷക സംഘം സൂചന നൽകി. പ്രതികളുടെ സ്വത്തുവകകളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയെന്നും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..