22 November Friday

എച്ച്‌എംടി പുനരുദ്ധാരണത്തിന്‌ കൺസൾട്ടൻസിയെ ക്ഷണിച്ചു ; 20 വരെ ടെൻഡർ നൽകാം

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2024


കൊച്ചി
ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്‌ (എച്ച്‌എംടി) കമ്പനി പുനരുദ്ധാരണത്തിന്‌ നിർദേശങ്ങൾ നൽകാൻ അഖിലേന്ത്യാതലത്തിൽ കൺസൾട്ടൻസിയെ ക്ഷണിച്ച്‌ ടെൻഡർ. എച്ച്‌എംടി മെഷീൻ ടൂൾസിൽ ഉൾപ്പെട്ട കളമശ്ശേരിയടക്കം  ആറ്‌ ഉൽപ്പാദന യൂണിറ്റുകളുടെയും കയറ്റുമതി കൈകാര്യം ചെയ്യുന്ന എച്ച്‌എംടി ഇന്റർനാഷണലിന്റെയും പുനരുദ്ധാരണത്തിനുള്ള സമഗ്രറിപ്പോർട്ടാണ്‌ കൺസൾട്ടൻസി നൽകേണ്ടത്‌. രണ്ടാം യുപിഎ സർക്കാരിന്റെയും തുടർന്നുള്ള എൻഡിഎ സർക്കാരുകളുടെയും നയങ്ങളുടെ ഭാഗമായാണ്‌ എച്ച്‌എംടി തകർന്നത്‌. കമ്പനി പുനരുദ്ധാരണത്തിന്‌ വിദഗ്‌ധസമിതിയെ നിയോഗിക്കാൻ 2023ൽ പാർലമെന്ററി സമിതി ശുപാർശ ചെയ്‌തിരുന്നു. ഡിഎംകെ എംപിയായിരുന്ന തിരുച്ചി ശിവ ചെയർമാനായ സമിതിയുടെ  ശുപാർശപ്രകാരമാണ്‌ കൺസൾട്ടൻസിയെ ക്ഷണിച്ചത്‌.

എച്ച്‌എംടി മാനേജ്‌മെന്റുതലംമുതൽ ഉൽപ്പാദനത്തിലും മാർക്കറ്റിങ്ങിലും സാങ്കേതികവിദ്യയിലും കാലോചിതമായി വരുത്തേണ്ട മാറ്റങ്ങൾ കൺസൾട്ടൻസി സമർപ്പിക്കണം. കമ്പനിയുടെ ഇപ്പോഴത്തെ സ്ഥിതിയും ആഭ്യന്തര, വിദേശ വിപണികളുടെ സ്വഭാവവും പരിശോധിച്ച്‌ പുനരുദ്ധാരണത്തിനും സുസ്ഥിര വളർച്ചയ്‌ക്കും ഉതകുന്ന നിർദേശങ്ങളും നൽകണം. ബാധ്യതകൾ കുറയ്‌ക്കാനും ചെലവ്‌ ചുരുക്കി കാര്യക്ഷമത വർധിപ്പിക്കാനും കഴിയണമെന്നും നിബന്ധനകളിലുണ്ട്‌. ടെൻഡറുകൾ 20നകം ഓൺലൈനിൽ നൽകണം.

ഒന്നാം യുപിഎ സർക്കാരിന്റെ അവസാനനാളിലാണ്‌ യന്ത്രോപകരണങ്ങളും വാച്ചുകളും ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ലോകോത്തര ബ്രാൻഡായ എച്ച്‌എംടി കമ്പനിയുടെ തകർച്ച ആരംഭിച്ചത്‌. ഇറക്കുമതിനയങ്ങളുടെ ഭാഗമായാണ്‌ നിർമാണ യൂണിറ്റുകൾ നഷ്‌ടത്തിലായത്‌. യൂണിറ്റുകൾ വിൽക്കാനും പാട്ടത്തിന്‌ നൽകാനുമുള്ള നീക്കത്തിനെതിരെ ജീവനക്കാർ സമരത്തിനിറങ്ങി. എൻഡിഎ സർക്കാർ വന്നശേഷം 2014ൽ ഹരിയാനയിലെ ട്രാക്‌ടർ നിർമാണ യൂണിറ്റും ഹൈദരാബാദിലെ വാച്ച്‌, ബെയറിങ് നിർമാണ യൂണിറ്റും പൂട്ടി. നിലവിൽ കളമശേരി യൂണിറ്റൊഴികെ എല്ലാ ഉൽപ്പാദന യൂണിറ്റുകളും വലിയ നഷ്‌ടത്തിലാണ്‌. 32,000 ജീവനക്കാരുണ്ടായിരുന്നിടത്ത്‌ ഇപ്പോൾ 750 പേർമാത്രം. കളമശേരിയിൽ 3500 ജീവനക്കാരുണ്ടായിരുന്നത്‌ 126ലേക്ക്‌ ചുരുങ്ങി.

2010ൽ ആരംഭിച്ച സമരത്തിന്റെ ഭാഗമായി 2014ൽ കമ്പനിക്ക്‌ 70 കോടിയുടെ പാക്കേജ്‌ പ്രഖ്യാപിച്ചെങ്കിലും കരകയറാനായില്ല. 1997ലെ കരാർപ്രകാരമുള്ള ശമ്പളമാണ്‌ ഇപ്പോഴും നൽകുന്നത്‌. വിരമിച്ച അഞ്ഞൂറോളം ജീവനക്കാർക്കുള്ള ആനുകൂല്യം നൽകിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top