തൃപ്പൂണിത്തുറ
ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട എല്ലാവർക്കും വീട് നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്. ഉദയംപേരൂർ പഞ്ചായത്തിലെ 175 ലൈഫ് വീടുകളുടെ താക്കോൽദാനവും ഗുണഭോക്താക്കളുടെ സംഗമവും ഒമ്പതാംവാർഡിലെ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
13 ലക്ഷംപേരാണ് ലൈഫ് പട്ടികയിലുള്ളത്. 5,31,000 പേർ വീടുപണിക്ക് കരാറിലെത്തി. 4,21,795 വീടുകൾ ഇതുവരെ പൂർത്തിയായി. 1,09,000 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു.
വീടിന് ഉയർന്ന തുക, കേരളത്തിൽ ഒരുവീടിന് നൽകുന്ന നാലുലക്ഷം രൂപ രാജ്യത്തെ ഏറ്റവും ഉയർന്ന സഹായമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 1,35,000 രൂപമാത്രമാണ് നൽകുന്നത്. ആന്ധ്രപ്രദേശിൽ കേരളം നൽകുന്നതിന്റെ പകുതിപോലും കൊടുക്കുന്നില്ല.
കേരളം ഇതുവരെ 18,080 കോടി രൂപയാണ് ചെലവഴിച്ചത്. അതിൽ 2000 കോടിമാത്രമാണ് കേന്ദ്രവിഹിതം. അതും തുടർന്ന് കിട്ടണമെങ്കിൽ വീടുകളുടെ മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രവും പദ്ധതിയുടെ പേരും പതിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കെ ബാബു എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എസ് എ ഗോപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ജില്ലാപഞ്ചായത്ത് അംഗം കെ വി അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ സുബ്രഹ്മണ്യൻ, രാജു പി നായർ, സിജി അനോഷ്, സ്ഥിരംസമിതി അധ്യക്ഷ രായ ടി കെ ജയചന്ദ്രൻ, മിനി പ്രസാദ്, സുധ നാരായണൻ തുടങ്ങിയവർ സംസാരിച്ചു. വിഇഒമാരായ എ ശീതൾ, സൗമ്യ ശശിധരൻ, ഹരിതകർമസേനാംഗങ്ങൾ എന്നിവർക്കും പൂത്തോട്ട എസ്എസ് കോളേജിനും പൂത്തോട്ട ശ്രീനാരായണ കോളേജിനും മന്ത്രി ഉപഹാരം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..