വയനാട്/തൃശൂർ > കാടും ഗ്രാമവഴികളും താണ്ടി ഹോം വോട്ടുകൾ പെട്ടിയിലാക്കി പോളിങ് ഉദ്യോഗസ്ഥർ. ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ളവർക്കുമായി തെരഞ്ഞെടുപ്പ് കമീഷൻ ഏർപ്പെടുത്തിയ ഹോം വോട്ടിങ് സംവിധാനം ഒട്ടേറെ മുതിർന്ന വോട്ടർമാർക്ക് പ്രയോജനകരമായി. പോളിങ് ബൂത്തുകളിലെ നീണ്ട നിരകളും കാത്തിരിപ്പും അവശതകളുമില്ലാതെ സ്വന്തം വീടുകളിൽ ഇരുന്ന് തന്നെ വോട്ട് ചെയ്യാമെന്നതാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ഹോം വോട്ടിങ് സംവിധാനത്തിന്റെ സവിശേഷത. എന്നാൽ പോളിങ് ബൂത്തിലെത്തി തന്നെ വോട്ടു ചെയ്യണമെന്ന് നിർബന്ധമുള്ള ഈ പട്ടികയിലുള്ള വോട്ടർമാർക്കും അവസരം നിഷേധിക്കപ്പെട്ടിരുന്നില്ല. ഇവർക്ക് പോളിങ് ദിവസം ബൂത്തുകളിലെത്തി സാധാരണ പോലെ വോട്ടുചെയ്യാം.
പട്ടികയിലുള്ളവരുടെ വീടുകളിലെത്തി ബൂത്ത് ലെവൽ ഓഫീസർമാർ ഹോം വോട്ടിങ്ങിനുള്ള ഫോം പൂരിപ്പിച്ച് വാങ്ങുകയായിരുന്ന ആദ്യ നടപടി. 12 ഡി ഫോറത്തിൽ അപേക്ഷ നൽകിയ മുതിർന്ന 5050 വോട്ടർമാരെയാണ് വയനാട് മണ്ഡലത്തിൽ ഹോം വോട്ടിങ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 4860 വോട്ടർമാർ ഈ സംവിധാനം പ്രയോജനപ്പെടുത്തി. 2408 ഭിന്നശേഷി വോട്ടർമാരാണ് വീടുകളിൽ നിന്നുള്ള വോട്ടിങ് സൗകര്യത്തിനായി അപേക്ഷ നൽകിയത്. ഇതിൽ 2330 പേർ വോട്ടുചെയ്തു. വയനാട് ലോക്സഭാ മണ്ഡലത്തിൽ ആകെ 7458 ഹോം വോട്ടിങ് അപേക്ഷകളിൽ 7190 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. ചേലക്കര മണ്ഡലത്തിൽ ആകെ 1375 വോട്ടാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. മൊത്തം 1418 വോട്ടാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. 85 കഴിഞ്ഞ 961 പേരില്‍ 925 പേര്‍ വോട്ടു രേഖപ്പെടുത്തി. പ്രത്യേക പരിഗണന ലഭിച്ച 457 ഭിന്നശേഷിക്കാരില്‍ 450 പേരും വോട്ട് ചെയ്തു. വോട്ട് ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി.
സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ചിത്രം സഹിതം രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറിൽ വോട്ടർമാർ പേന കൊണ്ട് ടിക്ക് ചെയ്ത് വോട്ട് അടയാളപ്പെടുത്തി ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്ന രീതിയാണ് ഹോം വോട്ടിങ്ങിൽ അവലംബിച്ചത്. പോളിങ് ഓഫീസർമാർ തുടങ്ങി ബൂത്ത് ലെവൽ ഓഫീസർമാർ വരെയുള്ള ടീമുകളാണ് ഇരു മണ്ഡലങ്ങളിലും ഹോം വോട്ടിങ്ങിന് നേതൃത്വം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..