ആലപ്പുഴ > പള്ളാത്തുരുത്തിയിൽ പുരവഞ്ചിയ്ക്ക് തീപിടിച്ചു. ബുധൻ വൈകിട്ട് 5.20ഓടെയാണ് സംഭവം. പള്ളാത്തുരുത്തി പാലത്തിന് കിഴക്കേകരയിൽ അരയൻ തോടിന് സമീപം നങ്കൂരമിട്ട വിനോദ് മാപറമ്പിൽ മുല്ലയ്ക്കൽ എന്നയാളുടെ ഉടമസ്ഥതതയിലുള്ള ലേക്ക് ഹോം എന്ന പുരവഞ്ചിയാണ് പൂർണമായും കത്തിനശിച്ചത്.
കായലിലൂടെയുള്ള യാത്രക്കിടെ കരയോട് ചേര്‍ന്ന് പുരവഞ്ചി കെട്ടിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. സംഭവം നടക്കുമ്പോള്‍ ആറ് മുംബൈ സ്വദേശികൾ പുരവഞ്ചിയിലുണ്ടായിരുന്നു. പുക ഉയര്‍ന്നപ്പോള്‍ തന്നെ ബോട്ടിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. ആർക്കും പരിക്കുകളില്ല. തീപിടിച്ച വിവരം ആലപ്പുഴ അഗ്നിരക്ഷാ സേനയിൽ അറിയിച്ചതിനെ തുടർന്ന് ബോട്ടിലും കരയിലൂടെയും സേനാംഗങ്ങൾ എത്തി തീ അണയ്ക്കുകയായിരുന്നു.
സേനയുടെ കൈവശം ഉണ്ടായിരുന്ന ഫ്ലോട്ട് പമ്പ്, പുരവഞ്ചിയിലുണ്ടായിരുന്ന പോർട്ടബിൾ പമ്പ് എന്നിവ ഉപയോഗിച്ച് ഒന്നരമണിക്കൂറിനു ശേഷമാണ് തീ അണയ്ക്കാനായത്. പുരവഞ്ചിയിൽ ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്തിനാലാണ് പൂർണമായും വഞ്ചി കത്തിനശിച്ചത്. യാത്രക്കാരുടെ ലാപ്ടോപ് ഉൾപ്പെടെ ഏകദേശം രണ്ടരലക്ഷം രൂപയുടെ സാമഗ്രികൾ തീപിടുത്തത്തിൽ നശിച്ചു. വഞ്ചിയ്ക്ക് അടുത്തായി നിർത്തിയിട്ടിരുന്ന ടിഎൻ 46 ടി 5666 മഹിന്ദ്ര സൈലോയ്ക്കും കേടുപാടുകൾ സംഭവിച്ചു.
പുരവഞ്ചി പൂർണമായും കത്തിനശിച്ചതിനാൽ 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. സ്റ്റേഷൻ ഓഫീസർ എസ് പ്രസാദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായ ജയസിംഹൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ കൃഷ്ണദാസ് ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ആയ നൗഫൽ, രഞ്ജിത്ത്, പ്രശാന്ത്, രാജീവ് സജേഷ് ഫയർ ആന്റ് റെസ്ക്യൂ ഡ്രൈവർ ആയ സുരാജ് ഹോം ഗാർഡ് ആയ ലൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..