22 December Sunday

വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്‌: ഹോർട്ടികോർപ് മുൻ എംഡി കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കൊച്ചി> ഒഡിഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഹോർട്ടികോർപ് മുൻ എംഡി കെ ശിവപ്രസാദ് (76) പൊലീസിന്‌ കീഴടങ്ങി. 25 ദിവസമായി ഒളിവിലായിരുന്നു. എറണാകുളം എസിപി ഓഫീസിലെത്തിയാണ്‌ കീഴടങ്ങിയത്‌. വീട്ടുജോലിക്കാരിയെ ശീതളപാനീയത്തിൽ ലഹരിപദാർഥം കലർത്തിനൽകി ബോധംകെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

പൊലീസ്​ ലുക്കൗട്ട്‌ സർക്കുലർ ഇറക്കിയതിനുപിന്നാലെയാണ്‌ കീഴടങ്ങൽ. കീഴടങ്ങിയശേഷം ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടർന്ന് ശിവപ്രസാദിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്താലുടൻ അറസ്റ്റുണ്ടാകുമെന്ന്​ എറണാകുളം എസിപി പി രാജ്​കുമാർ പറഞ്ഞു.

ഒക്‌ടോബർ 15നാണ്‌ കേസിനാസ്പദമായ സംഭവം. വീട്ടിൽനിന്ന്‌ ഭാര്യ പുറത്തുപോയ സമയം ശീതളപാനീയത്തിൽ ലഹരിപദാർഥം കലർത്തിനൽകിയശേഷം ശിവപ്രസാദ്‌ കടന്നുപിടിച്ചുവെന്ന്‌ യുവതി പറയുന്നു. ബോധം നഷ്ടപ്പെട്ടതിനാൽ തുടർന്ന്​ നടന്നതൊന്നും അറിയില്ലെന്നും മൊഴിനൽകി. വൈദ്യപരിശോധനയിൽ ലൈംഗികപീഡനം സ്ഥിരീകരിച്ചതോടെയാണ്‌ പൊലീസ്‌ കേസെടുത്തത്‌. ഇതോടെ ശിവപ്രസാദ്‌ ഒളിവിൽ പോയി. സംഭവത്തിൽ ദേശീയ പട്ടികവർഗ കമീഷൻ സ്വമേധയാ കേസെടുത്തു. ഏഴുദിവസത്തിനകം റിപ്പോർട്ട്​ നൽകാൻ പൊലീസിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്​.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top