21 December Saturday

വിവാഹാഭ്യർഥന നിരസിച്ചു: വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച യുവാവിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

അത്തോളി> വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ കത്തികൊണ്ട് കൊല്ലാൻ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് കൊടക്കല്ലിൽ പെട്രോൾ പമ്പിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന മഷൂദ് (33) കത്തിവീശി കൊല്ലാൻ ശ്രമിച്ചത്. വ്യാഴം രാത്രി 7.30ഓടെയാണ് സംഭവം. കഴുത്തിന് മുറിവേറ്റ വീട്ടമ്മയെ എംഎംസിയിൽ പ്രവേശിപ്പിച്ചു.

അത്താണിയിൽ നൂറിൻ പർദ ഷോപ്പിൽ ജീവനക്കാരിയാണ് വീട്ടമ്മ. ഭർത്താവ് പ്രവാസിയാണ്. 13ഉം ഏഴും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. പ്രതി അത്താണി കൊങ്ങന്നൂർ റോഡ് ജങ്‌ഷനിൽ മത്സ്യക്കടയിൽ ജോലിചെയ്തിരുന്നു. ഒരുമാസമായി ഇവിടെനിന്ന്‌ ഒഴിവാക്കി. വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ വിവാഹാഭ്യർഥന നടത്തിയെങ്കിലും  നിരസിച്ചിരുന്നു.   കടയിൽനിന്ന്‌  മടങ്ങി വീടിന് മുമ്പിൽ സ്‌കൂട്ടർ നിർത്തി മുന്നോട്ട് നടക്കുമ്പോൾ പിറകിൽനിന്നെത്തി കഴുത്തിനുനേരെ മഷൂദ് കത്തിവീശുകയായിരുന്നുവെന്ന് വീട്ടമ്മ  പറഞ്ഞു.

കഴുത്തിൽ ഷാൾ ഉള്ളതിനാൽ ആഴത്തിൽ മുറിവേൽക്കാതെ രക്ഷപ്പെട്ടു. മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി അത്തോളി പൊലീസ് അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top