22 December Sunday

ദുരന്തത്തിന്റെ മറവിൽ 
ഫണ്ടുതട്ടാൻ എച്ച്‌ആർഡിഎസ്‌ , ഔഷധക്കൃഷിയുടെ പേരിലും തട്ടിപ്പ്‌

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2024


തിരുവനന്തപുരം
വയനാട്ടിലുണ്ടായ പ്രകൃതിക്ഷോഭത്തിന്റെ മറവിൽ കോർപറേറ്റ്‌ സ്ഥാപനങ്ങളിൽ നിന്ന്‌ സാമൂഹിക ഉത്തരവാദിത്ത (സിഎസ്‌ആർ) ഫണ്ട്‌ തട്ടിയെടുക്കാനുള്ള ശ്രമവുമായി എൻജിഒ സംഘടനയായ ഹൈറേഞ്ച് റൂറൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റി (എച്ച്ആർഡിഎസ്). അട്ടപ്പാടിയിൽ ആദിവാസികൾക്ക്‌ പ്രീഫാബ് വീടുകൾ നിർമിച്ചതിന്റെ പേരിൽ അഴിമതി ആരോപണം നിലനിൽക്കെയാണ്‌ സിഎസ്‌ആർ ഫണ്ട്‌ മുന്നിൽകണ്ട്‌ സംഘടന വീണ്ടും രംഗത്തിറങ്ങിയത്‌.

വയനാട്ടിൽ ദുരന്തബാധിതർക്ക്‌ അതിഥി മുറിയടക്കമുള്ള ഇരുനില വീടുകൾ നിർമിച്ച്‌ നൽകുമെന്നാണ്‌ വാഗ്‌ദാനം. പകരം, ഓരോ ഗുണഭോക്താവിനും പത്ത്‌ സെന്റ്‌ വീതവും പുറമെ പൊതുആവശ്യങ്ങൾക്കായി 20 ഏക്കർ ഭൂമിയും വിട്ടുനൽകണമെന്നതാണ്‌ ഇവരുടെ ആവശ്യം. അട്ടപ്പാടിയിൽ ആദിവാസികൾക്ക് സൗജന്യമായി 5000 വീട്‌ നിർമിച്ചുനൽകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്‌. ഷോളയൂർ, അഗളി പഞ്ചായത്തുകളിലായി 300 ഓളം വീടുകളുടെ നിർമാണം ആരംഭിച്ചതായും 192 എണ്ണം പൂർത്തീകരിച്ചെന്നുമാണ്‌ ഇവരുടെ അവകാശവാദം. പദ്ധതിയുടെ മറവിൽ സിഎസ്‌ആർ ഫണ്ടായി കോടികളാണ്‌ തട്ടിയെടുത്തത്‌. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിലെ ആശ്രമങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായവും സംഘടിപ്പിച്ചു.

അട്ടപ്പാടിയിൽ അഞ്ചുലക്ഷം രൂപ ചെലവിൽ വീട്‌ നിർമിച്ച്‌ നൽകാമെന്നായിരുന്നു ആദിവാസികളെ വിശ്വസിപ്പിച്ചത്‌. പ്രീഫാബ്‌ ബോർഡുകളുപയോഗിച്ചുള്ള ഗുണനിലവാരം കുറഞ്ഞ വീട്‌ നിർമാണത്തിന്‌ രണ്ടുലക്ഷം രൂപമാത്രമാണ്‌ ചെലവായത്‌. വന്യമൃഗ ആക്രമണങ്ങൾ പ്രതിരോധിക്കാൻ ശേഷിയില്ലാത്ത ഇത്തരം വീടുകൾ അട്ടപ്പാടി പോലുള്ള പ്രദേശത്ത്‌ വാസയോഗ്യമല്ല. ‘മോദി വീട്‌’ എന്നുപേരിട്ട പദ്ധതിക്കായി കേന്ദ്രസഹായവും നേടിയെടുത്തു. മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായ നിർമാണമായതിനാൽ പഞ്ചായത്ത്‌ അനുമതി ലഭിച്ചിരുന്നില്ല. എസ്‌സി, എസ്‌ടി കമീഷനും കേസെടുത്തു. ഷോളയൂരിൽ നിർമിച്ച 192ൽ 22 വീടുകൾക്ക്‌ മാത്രമാണ്‌ നമ്പർ ലഭിച്ചത്‌. വൈദ്യുതിയും കുടിവെള്ളവും ഉറപ്പാക്കിയതുമില്ല.

വനമേഖലയോട് ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശത്തായതിനാൽ അനധികൃത നിർമാണവുമാണ്‌. വീടുകൾ വാസയോഗ്യമല്ലെന്ന്‌ പഞ്ചായത്ത് എൻജിനീയറിങ്‌ വിഭാഗവും കണ്ടെത്തി.

ഔഷധക്കൃഷിയുടെ പേരിലും തട്ടിപ്പ്‌
ആദിവാസികളുടെ ഭൂമി ഔഷധകൃഷിക്കെന്ന പേരിൽ പാട്ടത്തിനെടുത്തും എച്ച്‌ആർഡിഎസിന്റെ തട്ടിപ്പ്‌. പതഞ്ജലി, ഡാബർ, ഹിമാലയ തുടങ്ങിയ കമ്പനികൾക്ക്‌ മരുന്ന് നിർമാണത്തിനായി വിദ്യാദിരാജ വിദ്യാസമാജം എന്ന ട്രസ്റ്റിന്റെ പേരിലുള്ള ഭൂമിയാണ്‌ പാട്ടത്തിനെടുത്തത്‌. വിഷയത്തിൽ എസ്‌സി, എസ്‌ടി കമീഷൻ ഇടപെടുകയും ചെയ്‌തു. എതിരഭിപ്രായമുയർത്തിയ ആദിവാസികളെ ആക്രമിച്ചതിനും എച്ച്‌ആർഡിഎസ്‌ ഭാരവാഹികൾക്കെതിരെ കേസുണ്ട്‌. കോവിഡിനെ ചെറുക്കുമെന്ന്‌ പ്രചരിപ്പിച്ച്‌ ഷോളയൂർ പഞ്ചായത്തിലെ ഊരുകളിൽ മരുന്ന് വിതരണം ചെയ്‌തതും വിവാദമായിരുന്നു. ഇതിന്റെ മറവിൽ ആദിവാസികളുടെ ആധാർ വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തു. വൻകിട മരുന്ന് കമ്പനികൾക്കുവേണ്ടിയുള്ള ഡാറ്റാ ശേഖരണമാണ്‌ നടന്നതെന്നും ആരോപണമുയർന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top