കൊച്ചി> ഡോ. ജോ ജോസഫിന് ഇടംനല്‍കിയ ഹൃദയം നാടിന്റെ കരുതലിന് കൈമാറി തൃക്കാക്കര ജനത. 'ഹൃദയപൂര്‍വം ഐക്യദാര്‍ഢ്യം' പ്രഖ്യാപിച്ച് 15 പേര്‍ അവയവദാന സമ്മതപത്രം കൈമാറി. എം എം മണി എംഎല്‍എയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണിയും ക്യാമ്പയിന്റെ ഭാഗമായി അവയവദാനത്തിന് സന്നദ്ധരായി.
ഐഎംഎയുമായി സഹകരിച്ചുനടത്തിയ രക്തദാന ക്യാമ്പില്‍ മുപ്പതുപേര്‍ രക്തംദാനം ചെയ്തു. ഡോ ജോ ജോസഫിന് ഐക്യദാര്‍ഢ്യമായി എല്‍ഡിഎഫ് വെണ്ണല ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ആലിന്‍ചുവട് എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ധാരാളം ഹൃദയ ശസ്ത്രക്രിയ നടത്തി വിജയിച്ച ഡോ. ജോ ജോസഫിന്റെ സാന്നിധ്യത്തിലാണ് ഈ പരിപാടി എന്നത് ഏറെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
അവയവദാനത്തിലൂടെ ഒരുപാടുപേര്‍ക്ക് പുതുജീവന്‍ ലഭിക്കുമെന്ന സന്ദേശം ജനങ്ങള്‍ ഏറ്റെടുക്കുകയാണ്. വിവിധ മേഖലയിലുള്ളവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്നതാണ് എല്‍ഡിഎഫ് തുടരുന്ന രീതി. ഡോ. ജോ ജോസഫ് സ്ഥാനാര്‍ഥിയായതും ആ നയത്തിന്റെ ഭാഗമായാണ്. അദ്ദേഹത്തിന് ഒരോദിവസം കഴിയുംതോറും ജനപ്രീതി കൂടുകയാണ്. തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. തോമസ് എബ്രഹാം അധ്യക്ഷയായി. സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്, വി ശിവദാസന്‍ എംപി, സി എം ദിനേശ്മണി, എം എം മണി എംഎല്‍എ, എം ബി മുരളീധരന്‍, കെ ടി സാജന്‍, ഡോക്ടര്‍മാരായ അജി മാത്യൂ, സന്തോഷ് തോമസ് എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..