തിരുവനന്തപുരം
കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ് ഉച്ചകോടി ‘ഹഡിൽ ഗ്ലോബൽ 2024’ ന്റെ വിവരങ്ങൾ ലഭ്യമാകുന്ന ആപ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഹഡിൽ ഗ്ലോബലിനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭിക്കും. ഹഡിൽ ഗ്ലോബലിന്റെ ഭാഗമാകുന്ന സ്റ്റാർട്ടപ്പുകൾ, പ്രഭാഷകർ, മാർഗനിർദേശകർ, നിക്ഷേപകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾക്കു പുറമെ പരിപാടിയുടെ അജൻഡ, വിവിധ സെഷനുകൾ എന്നിവയുമുണ്ട്. ഇൻവെസ്റ്റർ, മെന്റർ കണക്ട് തുടങ്ങിയവയ്ക്കുള്ള സ്ലോട്ട് ബുക്ക് ചെയ്യാനും സാധിക്കും. പ്രദർശനത്തിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളെക്കുറിച്ചും അവരുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ആപ്പിലുണ്ട്.
ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കുന്നവർക്ക് പരസ്പരം ചാറ്റ് ചെയ്യുന്നതിനുള്ള ‘കണക്ട്സ്', വിവിധ സെഷനുകൾ നടക്കുന്നതറിയാനുള്ള ‘ലൊക്കേഷൻ', ഹഡിൽ ഗ്ലോബലിലേക്കുള്ള പ്രവേശന പാസ്, സ്റ്റാർട്ടപ് സംഗമം നടക്കുന്ന കെട്ടിടത്തിന്റെ ഫ്ളോർ പ്ലാൻ തുടങ്ങി ആവശ്യമായ വിവരങ്ങളെല്ലാം ഈ ആപ്പിലൂടെയറിയാം.
സമാനമേഖലകളിൽ താൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്കും സ്റ്റാർട്ടപ് സംഗമത്തിൽ പങ്കെടുക്കുന്നവർക്കും തിരിച്ചറിയാനും ആപ് വഴി സാധിക്കും. 28- മുതൽ 30 വരെ കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബലിന്റെ ആറാംപതിപ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ആപ് https://huddleglobal.co.in/app/ ൽ ഡൗൺലോഡ് ചെയ്യാം.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, അശോക് കുര്യൻ പഞ്ഞിക്കാരൻ, വി എ അഷിത, ആര്യ കൃഷ്ണൻ, അഭിഷേക് ജെ പ്രകാശ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..