തിരുവനന്തപുരം > കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ് സംഗമമായ ഹഡിൽ ഗ്ലോബലിന്റെ ആറാം പതിപ്പിന് സമാപനം. കേരളത്തിന്റെ കരുത്തുറ്റ സ്റ്റാർട്ടപ് ആവാസ വ്യവസ്ഥയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പിക്കാനുമുള്ള സാധ്യതകൾക്ക് വഴിയൊരുക്കിയാണ് ഹഡിൽ ഗ്ലോബൽ സമാപിക്കുന്നത്.
മൈറ്റി സ്റ്റാർട്ടപ് ഹബ് സിഇഒ പനീർശെൽവം മദനഗോപാൽ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി. സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, കെഎസ്‌യുഎം സിഇഒ അനൂപ് അംബിക എന്നിവരും പങ്കെടുത്തു.സമാപന ദിവസം ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുത്തു. പ്രമുഖ നിക്ഷേപകരുമായും എച്ച്എൻഐകളുമായും ഓഹരി ഉടമകളുമായും മന്ത്രി സംസാരിച്ചു.
വിവിധ സ്റ്റാർട്ടപ്പുകളുടെ മികച്ച സാങ്കേതികവിദ്യകളും മറ്റും കൂടാതെ നൂതനമായ പരിഹാരങ്ങളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ച എക്സ്പോ മന്ത്രി സന്ദർശിച്ചു. പ്രമുഖ ചരിത്രകാരനും കലാ-സാഹിത്യ നിരൂപകനുമായ വില്യം ഡാൽറിംപിൾ, ഡോ.ശശി തരൂർ എംപി എന്നിവർ സമാപന ദിവസത്തെ മുഖ്യപ്രഭാഷകരായിരുന്നു.
പതിനായിരത്തിലധികം ഡെലിഗേറ്റുകൾ, 250 നിക്ഷേപകർ, 300 സെഷനുകൾ, 250 ഓളം കോർപറേറ്റ്- സർക്കാർ കണക്ട്സ്, 200 ഉപദേഷ്ടാക്കൾ, 15 പ്രോഡക്ട് ലോഞ്ച്,100 സ്റ്റാർട്ടപ്പുകൾ എന്നിവയാൽ സമ്പന്നമായിരുന്നു ഹഡിൽ ഗ്ലോബൽ. 300 വനിതാ സംരംഭകർ പരിപാടിയിൽ പങ്കെടുത്തു. മികച്ച അവതരണങ്ങളും പത്തിലധികം ധാരണപത്രങ്ങളുടെ ഒപ്പിടലും നടന്നു.
കോൺക്ലേവിൽ ഓരോന്നിനും 75-ലധികം പേർ പങ്കെടുത്തു. സ്റ്റാർട്ടപ്പിന്റെ വിവിധ വശങ്ങൾ സമഗ്രമായി ഉൾക്കൊള്ളിച്ചു ഗൂഗിൾ, മൈക്രോസോഫ്റ്റ്, എൻവിഡിയ, കെയർസ്റ്റാക്ക് ക്രയോൺ, എഎൻബി ലീഗൽ, നബാർഡ്, വാധ്വനി ഫൗണ്ടേഷൻ, ഹീറോ മോട്ടോകോർപ്, കേരള പ്രോഡക്ട് ഹണ്ട്, സക്സസ്ബ്രൂ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളിൽനിന്നുള്ള വിദഗ്ധർ ഈ സെഷനുകൾക്ക് നേതൃത്വം നൽകി.
9 പേർക്ക് ബ്രാൻഡിങ് ചലഞ്ച് പുരസ്കാരം
തിരുവനന്തപുരം > ഹഡിൽ ഗ്ലോബലിനോടനുബന്ധിച്ച് നടന്ന ബ്രാൻഡിങ് ചലഞ്ചിൽ ഒൻപത് പേർക്ക് പുരസ്കാരം ലഭിച്ചു. ആഗ്ന ജോൺ (ഫ്രീലാൻസ് ഡിസൈനർ), മുഹമ്മദ് ഷഫീഖ് (പ്രൊഫഷണൽ ഡിസൈനർ), കെ എസ് ആദർശ് മോഹൻ (ഗവ.എൻജിനിയറിങ് കോളേജ്, രാമവർമപുരം), ആദില ഷൈറീൻ (കോളേജ് ഓഫ് ആർക്കിടെക്ചർ, തിരുവനന്തപുരം), എം ആർ റോഷൻ (പ്രൊഫഷണൽ ഡിസൈനർ), പി പി ഫാത്തിമത്ത് നെസില (ഫ്രീലാൻസ് ഡിസൈനർ), ഫഹദ് സലിം (യെൽദോ മാർ ബസേലിയോസ് കോളേജ് സ്കൂൾ ഓഫ് മീഡിയ ആൻഡ് ഡിസൈൻ, കോതമംഗലം) വി അനൂപ് കുമാർ (ഫ്രീലാൻസ് ഡിസൈനർ), കെ എൻ ശ്രീഹരി (ഫ്രീലാൻസ് ഡിസൈനർ) എന്നിവർക്കാണ് ബ്രാൻഡിങ് ചലഞ്ച് പുരസ്കാരം ലഭിച്ചത്.
കെഎസ് യുഎമ്മും സഹൃദയ കോളേജ് ഓഫ് എൻജിനിയറിങ്ങും സംയുക്തമായി സംഘടിപ്പിച്ച ‘വിമൻ റിസർച്ച് ആൻഡ് ഇന്നൊവേഷൻ പ്രോഗ്രാം' വിജയിച്ച വനിതാ ഗവേഷകർക്കുള്ള സർട്ടിഫിക്കറ്റുകളും സമാപനച്ചടങ്ങിൽ വിതരണം ചെയ്തു. ഗവേഷകരായ രേഷ്മ ജോസ് (അസി. പ്രൊഫസർ, സഹൃദയ കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി), വിദ്യാ മോഹനൻ (ഐസിഎആർ-സിഐഎഫ്ടി പിഎച്ച്ഡി സ്കോളർ ) ഡോ. പി എം മേഘ (ഷെൽറ്റ് ഇന്നൊവേഷൻ സ്ഥാപക), ഡോ. കെ പി ശ്രുതി (ബി മാസ്റ്റേഴ്സ് നാച്വറൽസ് സ്ഥാപക), കുസാറ്റിലെ ബയോടെക്നോളജി വിഭാഗം പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. ഇ എസ് ബിന്ദിയ, ഡോ. ജിത്തു രവീന്ദ്രൻ (പോസ്റ്റ് ഡോക്ടറൽ ഫെലോ, ഐഐടി പാലക്കാട്) ഡോ. പാർവതി നാരായണൻ (പി ജി വിദ്യാർഥി കെഎംസിടി ഡെന്റൽ കോളേജ്) എന്നിവരാണ് വിജയികളായത്.
വനിതകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്ന കെഎസ് യുഎമ്മിന്റെ ‘വി സ്റ്റാർട്ട് പ്രീ-ഇൻകുബേഷൻ പ്രോഗ്രാമിന്' കീഴിൽ തെരഞ്ഞെടുത്ത ഒമ്പത് സ്റ്റാർട്ടപ്പിനെയും സമാപനച്ചടങ്ങിൽ പ്രഖ്യാപിച്ചു. ഷിബിന എളയിലിന്റെ 70 എംഎം മീഡിയ വില്ലേജ്, പി കെ ദീപയുടെ അനിമോൺ നാച്ചുറൽസ്, ബീന മെൽബിന്റെ ബീമീ സർവീസസ്, ആർ മീരയുടെ കോ എക്സിസ്റ്റൻസ്, പൂജാസ് കാന്തറിന്റെ പി4കെ, എ ഗൗതമിന്റെയും അഞ്ജന ജോസഫിന്റെയും പെട്രിക്കോർ റിഫോംസ്, എസ് ആതിരയുടെ വിവിഫൈ സ്റ്റോർ, അമൃതയുടെ ഉത്പല ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്, റോസ് മനാച്ചേരിയുടെ ഉർകിഡ്സ്പാർട്ടി എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾ.
ഇനി സാധ്യത സ്ത്രീ കേന്ദ്രീകൃത
സാങ്കേതികവിദ്യക്ക്: പ്രിയങ്ക ഗിൽ
തിരുവനന്തപുരം > സ്ത്രീ കേന്ദ്രീകൃത സാങ്കേതികവിദ്യക്ക് ഭാവിയിൽ അനന്തസാധ്യതയാണുള്ളതെന്ന് ഗ്ലാം ഗ്രൂപ്പ് സഹ-സ്ഥാപകയും കലാരി ക്യാപ്പിറ്റൽ പാർട്ണറുമായ പ്രിയങ്ക ഗിൽ പറഞ്ഞു. ഹഡിൽ ഗ്ലോബൽ ആറാം പതിപ്പിനോടനുബന്ധിച്ച് ‘നവീന ആശയങ്ങളിലൂടെ സ്ത്രീകൾക്കായി പുതിയ ഭാവി ഒരുക്കുക' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുരുഷ കേന്ദ്രീകൃത സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സാങ്കേതികവിദ്യയുടെ കാര്യവും വിഭിന്നമല്ല. പുരുഷൻമാർക്കായി അവർ രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യയാണ് നിലവിൽ ഭൂരിഭാഗവും. സ്ത്രീകളുടെ സ്വഭാവ സവിശേഷതകളും ആവശ്യങ്ങളുമെല്ലാം പൂർണമായി നിരാകരിക്കപ്പെടുകയാണ് ചെയ്യുന്നത്. സ്ത്രീകൾക്ക് അനുയോജ്യമായ സാങ്കേതികവിദ്യക്കും സ്ത്രീകളാൽ നയിക്കപ്പെട്ടുന്ന സ്റ്റാർട്ടപ്പുകൾക്കുമായി അവർ തന്നെ മുന്നിട്ടിറങ്ങണമെന്നും പ്രിയങ്ക ഗിൽ പറഞ്ഞു.
സ്റ്റാർട്ടപ് മൂല്യനിർണയം; സംരംഭകർക്ക് മാസ്റ്റർക്ലാസ് അനിവാര്യം: വിദഗ്ധർ
തിരുവനന്തപുരം > സ്റ്റാർട്ടപ് സ്ഥാപകർ മൂല്യനിർണയത്തെക്കുറിച്ചുള്ള മാസ്റ്റർക്ലാസുകളിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കണമെന്നും അത് വിഷയത്തെക്കുറിച്ചുള്ള അവരുടെ ധാരണ തിരുത്താൻ സഹായകമാണെന്നും ഹഡിൽ ഗ്ലോബൽ 2024ൽ പങ്കെടുത്ത വിദഗ്‌ധർ പറഞ്ഞു."ഏഞ്ചൽ നെറ്റ് വർക്കുകൾ തെരഞ്ഞെടുക്കുന്നതും സ്റ്റാർട്ടപ്പുകൾ വളർത്തുന്നതും എങ്ങനെ' എന്ന പാനൽ സെഷനിലാണ് അഭിപ്രായം. കേരള ഏഞ്ചൽ നെറ്റ് വർക്ക് നിക്ഷേപകൻ റോയി ഐ വർഗീസ്, കെഎഎൻ പ്രസിഡന്റ് രവീന്ദ്രനാഥ് കമ്മത്ത്, അജിത് മൂപ്പൻ എന്നിവർ സംസാരിച്ചു. കെഎഎൻ നിക്ഷേപകൻ രാജേഷ് നായർ മോഡറേറ്ററായി.
സ്റ്റാർട്ടപ് ബാങ്കിങ്ങിലെയും ബിസിനസ് പെയ്‌മെന്റിലെയും പുതിയ മാറ്റങ്ങൾ: സ്റ്റാർട്ടപ്പുകളുടെ വളർച്ചയുടെ പ്രതിഫലനം എന്ന വിഷയത്തിൽ മറ്റൊരു പാനൽ സെഷനും നടന്നു. പ്രോഡക്ട്സ് കാർബൺ കാർഡ് വൈസ് പ്രസിഡന്റ് ജി ഭഗത്ജി, ആക്സിസ് ബാങ്ക് കൊമേഴ്സ്യൽ ബാങ്കിങ് ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് സന്ദീപ്കുമാർ അഗർവാൾ എന്നിവർ പങ്കെടുത്തു. സീ ഫുഡ്സ് മാനേജിങ് പാർട്ണർ മയുരേഷ് റൗട്ട് മോഡറേറ്റായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..