നെടുങ്കണ്ടം > ഹൈഡൽ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങി പാമ്പാടുപാറ പഞ്ചായത്ത്. കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളുടെ അതിർത്തിയായ സഖാവ്പാറയാണ് പുതിയ വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങുന്നത്. പാറയിടുക്കിലൂടെ ഒഴുകുന്ന കല്ലാർ പുഴയിൽ തടയണ നിർമിച്ചാണ് പദ്ധതി തയാറാവുന്നത്. കുടിയേറ്റ കർഷകനും മേഖലയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനുമായിരുന്ന സഖാവ് കൊച്ചു ചെറുക്കനെ അടക്കം ചെയ്ത സ്ഥലം എന്ന നിലയിലാണ് സഖാവ് പാറ എന്ന പേര് ലഭിച്ചത്.
ജില്ലയിൽ ടൂറിസം കേന്ദ്രങ്ങളില്ലാത്ത ചുരുക്കം ചില പഞ്ചായത്തുകളിൽ ഒന്നാണ് പാമ്പാടുംപാറ. അതിനാൽ പഞ്ചായത്തിലെ ഏറ്റവും മനോഹരമായ പ്രദേശത്ത് വമ്പൻ പദ്ധതി കുറഞ്ഞ മുതൽമുടക്കിൽ കൊണ്ടുവരുവാനാണ് ഭരണസമിതി ശ്രമിക്കുന്നത്. രണ്ട് മലകൾക്കിടയിലൂടെ ഒഴുകുന്ന പുഴയുടെ അപ്പുറം കരുണാപുരം പഞ്ചായത്തും ഇപ്പുറം പാമ്പാടുംപാറ പഞ്ചായത്തുമാണ്. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന റോപ്പ് വേ സംവിധാനം കൂടി യാഥാർഥ്യമാകുന്നതോടെ സഖാവ്പാറ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കുമെന്നാണ് പ്രതിക്ഷ. അതിവിശാലമായ പറയിലിരുന്ന് ഇളംകാറ്റ് കൊള്ളാം. വെള്ളം ഒഴുകുന്നതിന്റെയും അകലെ കാറ്റാടി പാടത്തിന്റെയും മലകളുടേയും മനോഹര ദൃശ്യം ആസ്വദിക്കാം. അല്ലിയാർ കൂട്ടാറുമായി ചേർന്ന് ഏതാനും മീറ്റർ പിന്നിട്ട് കല്ലാർ പുഴയായി മാറുന്ന സ്ഥലത്താണ് തടയണ നിർമിക്കുക. ഇതിനായി അധികൃതർ സന്ദർശിച്ച് പ്രാഥമിക വിലയിരുത്തലുകൾ നടത്തി. പഞ്ചായത്ത് പദ്ധതി തയാറാക്കിവരുന്നു. സംഭരിക്കുന്ന ജലം ഏകദേശം ഒരു കി. മീറ്ററോളം ദൂരം പെഡൽ ബോട്ടിങ് നടത്തുന്നതിനുള്ള സംവിധാനമാക്കി മാറ്റും. കൂടാതെ രണ്ട് പഞ്ചായത്തുകളിലും കൃഷി ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്തും. ബോട്ടിങ്ങിന് പുറമേ സഖാവ്പാറയുടെ ചെരിവിൽ ഉദ്യാനം ഒരുക്കാനും പദ്ധതിയുണ്ട്. ഇതോടെ രാമക്കൽമേട് സന്ദർശിച്ച് മടങ്ങുന്ന സഞ്ചാരികൾക്ക് അധികം സഞ്ചരിക്കാതെ എത്തിച്ചേരാവുന്ന മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാവും സഖാവ്പാറ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..