തിരുവനന്തപുരം > ഇന്ത്യന്‍ നവതരംഗ സിനിമയുടെ പതാകാവാഹകരില്‍ പ്രമുഖനായിരുന്ന കുമാര്‍ ശഹാനി, എമ്മി അവാര്‍ഡ് ജേതാവും ചലച്ചിത്രകാരിയും മാധ്യമപ്രവര്‍ത്തകയുമായിരുന്ന ശ്രിയങ്ക റായ്, ശബ്ദലേഖകനും ശബ്ദമിശ്രകനുമായിരുന്ന എ എം പത്മനാഭന്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും ചലച്ചിത്രനിരൂപകനും പത്രാധിപരുമായിരുന്ന ചെലവൂര്‍ വേണു എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചു കൊണ്ട് എട്ടു ചിത്രങ്ങള്‍ ഐഡിഎസ്എഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും.
ഒഡീസി നൃത്താചാര്യന്‍ ഗുരു കേളുചരണ്‍ മഹപാത്രയെക്കുറിച്ചുള്ള ഭവന്തരണ, പുല്ലാങ്കുഴലിന് ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തിലുള്ള പ്രാധാന്യം വിളിച്ചോതുന്ന ബാംബൂ ഫ്‌ളൂട്ട് എന്നീ ഡോക്യുമെന്ററികളും ദ ഗ്ലാസ് പെയ്ൻ (1966), മന്‍മാദ് പാസഞ്ചര്‍ (1967) എന്നീ ഹ്രസ്വചിത്രങ്ങളുമാണ് കുമാര്‍ ശഹാനിക്കുള്ള സ്മരണാഞ്ജലിയായി പ്രദര്‍ശിപ്പിക്കുന്നത്. ദ ഗ്ലാസ് പെയ്ൻ, മന്‍മദ് പാസഞ്ചര്‍ എന്നിവ ശഹാനി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഋത്വിക് ഘട്ടക്കിന്റെ വിദ്യാര്‍ഥിയായിരിക്കുന്ന കാലത്ത് ചെയ്ത ആദ്യകാല ചിത്രങ്ങളാണ്. മികച്ച ജീവചരിത്ര ഡോക്യുമെന്ററിക്കുള്ള ദേശീയപുരസ്‌കാരം നേടിയ ചിത്രമാണ് ഭവന്തരണ.
ഇന്ത്യയിലെ ഏറ്റവും മികച്ച ശബ്ദലേഖകരിലൊരാളായ എ എം പത്മനാഭന്‍ ശബ്ദമിശ്രണം നിര്‍വഹിച്ച ഇലവന്‍ മൈല്‍സ്, മെമ്മറീസ് ഓഫ് മില്‍ക്ക് സിറ്റി എന്നീ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തത് രുചിര്‍ ജോഷിയാണ്. ബാവുല്‍ ഗായകരെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ഇലവന്‍ മൈല്‍സ്. ചരിത്രത്തിലെ ഏറ്റവും മൃഗീയമായ വര്‍ഗീയ കലാപത്തിന് സാക്ഷ്യം വഹിച്ച അഹമ്മദാബാദ് നഗരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് മെമ്മറീസ് ഓഫ് മില്‍ക്ക് സിറ്റി. പഡ്ഡി എന്ന പേരില്‍ ചലച്ചിത്രരംഗത്ത് അറിയപ്പെട്ടിരുന്ന എ എം പത്മനാഭന്‍ തല്‍സമയ ശബ്ദലേഖന സാങ്കേതികതയുടെ ആദ്യകാല ഉപയോക്താവ് എന്ന നിലയിലും ശ്രദ്ധേയനാണ്. മണി കൗള്‍, ഗോവിന്ദ് നിഹലാനി, രജീന്ദര്‍ സിംഗ് ബേദി എന്നിവരുടെ ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാമൂഹിക അസമത്വങ്ങള്‍, ക്രിമിനല്‍ നീതി വ്യവസ്ഥയുടെ സങ്കീര്‍ണതകള്‍ എന്നീ വിഷയങ്ങളിലൂന്നി മാധ്യമപ്രവര്‍ത്തനം നടത്തിയ വീഡിയോ ജേണലിസ്റ്റ് ആയിരുന്നു ശ്രിയങ്കാ റായ്. അവര്‍ സംവിധാനം ചെയ്ത സ്വെറ്റ്‌ഷോപ്പ് ഓഫ് വാള്‍ സ്ട്രീറ്റ് ന്യൂയോര്‍ക്ക് നഗരത്തിലെ ഡയറക്ട് സെല്ലിംഗ് ബിസിനസ്സിനെക്കുറിച്ചുള്ള അന്വേഷണാത്മക ഡോക്യുമെന്ററിയാണ്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള ഘടകവും സംയുക്തമായി നിര്‍മ്മിച്ച
ചെലവൂര്‍ വേണു, ജീവിതം കാലം എന്ന ജീവചരിത്ര ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് 2020-ലെ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ ജയന്‍ മാങ്ങാടാണ്. അരനൂറ്റാണ്ടുകാലം നല്ല സിനിമകളുടെ പ്രചാരണത്തിനു വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ചെലവൂര്‍ വേണുവിന്റെ ജീവിതത്തെ അടുത്തറിയാന്‍ ശ്രമിക്കുന്ന ഡോക്യുമെന്ററിയാണിത്.
ജൂലൈ 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലാണ് ചലച്ചിത്രമേള നടക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..