23 December Monday

ഐഡിഎസ്എഫ്എഫ്‌കെ: രാകേഷ് ശർമ്മയും ഉർമി ജുവേക്കറും ജൂറി അധ്യക്ഷർ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

ഉർമി ജുവേക്കർ, രാകേഷ് ശർമ്മ

തിരുവനന്തപുരം > പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ കഥേതരവിഭാഗം ജൂറി ചെയർമാനായി അന്താരാഷ്ട്ര പ്രശസ്തനായ ഡോക്യുമെന്ററി സംവിധായകൻ രാകേഷ് ശർമ്മയും കഥാവിഭാഗം ജൂറി ചെയർപേഴ്സൺ ആയി തിരക്കഥാകൃത്തും സംവിധായികയുമായ ഉർമി ജുവേക്കറും പ്രവർത്തിക്കും.

2005 ലെ ദേശീയ അവാർഡിൽ മികച്ച കഥേതര ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടിയ സംവിധായകനാണ് രാകേഷ് ശർമ്മ. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഫൈനൽ സൊല്യൂഷൻ എന്ന ഡോക്യുമെന്ററിക്കായിരുന്നു പുരസ്‌കാരം. ബെർലിൻ, ഹോങ്കോങ്, സാൻസിബാർ ഫെസ്റ്റിവലുകൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര മേളകളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണിത്. ശ്യാം ബെനഗലിന്റെ ഭാരത് ഏക് ഖോജിന്റെ സംവിധാന സഹായിയായി ടെലിവിഷൻ പ്രവർത്തനം തുടങ്ങിയ രാകേഷ് ശർമ്മ ചാനൽ വി, സ്റ്റാർ പ്ലസ് ഇന്ത്യ തുടങ്ങിയ ടെലിവിഷൻ ചാനലുകൾക്ക് തുടക്കമിടുന്നതിൽ നിർണായകപങ്കു വഹിച്ചു. അദ്ദേഹത്തിന്റെ ആഫ്റ്റർ ഷോക്സ്: ദ റഫ് ഗൈഡ് റ്റു ഡെമോക്രസി എന്ന ഡോക്യുമെന്ററി നൂറോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മികച്ച ജനപ്രിയചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഒയേ ലക്കി ലക്കി ഒയേ, മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാർഡും ഐഎഫ്എഫ്‌കെ യിൽ നെറ്റ് പാക് അവാർഡും നേടിയ ഐ ആം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഉർമി ജുവേക്കർ. നിരൂപകപ്രശംസ നേടിയ ലവ് സെക്സ് ഔർ ദോഖാ എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് പ്രൊഡ്യൂസർ ആയിരുന്നു. ഷാങ്ഹായ്, ഡിറ്റക്ടീവ് ബ്യോംകേശ് ബക്ഷി എന്നീ ചിത്രങ്ങൾക്കും ഉർമി ജുവേക്കർ തിരക്കഥയൊരുക്കിയിട്ടുണ്ട്. ദ ഷില്ലോങ് ചേംബർ കൊയർ ആൻഡ് ദ ലിറ്റിൽ ഹോം സ്‌കൂൾ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ഉർമി നെറ്റ്ഫ്ളിക്സിലെ ലൈല എന്ന വെബ്‌സീരീസിന്റെ ക്രിയേറ്ററുമായിരുന്നു.

ജബീൻ മർച്ചൻ്റ്, പങ്കജ് ഋഷികുമാർ

ജബീൻ മർച്ചൻ്റ്, പങ്കജ് ഋഷികുമാർ



കഥേതര വിഭാഗത്തിൽ ഫിലിം എഡിറ്റർ ജബീൻ മെർച്ചന്റ്, സംവിധായകനും എഡിറ്ററുമായ പങ്കജ് ഋഷികുമാർ എന്നിവർ അംഗങ്ങളാണ്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയവരാണ് ഇരുവരും. ലാപതാ ലേഡീസ്, എൻഎച്ച് 10, മനോരമ സിക്സ് ഫീറ്റ് അണ്ടർ, ഷൂ ബോക്സ് തുടങ്ങിയ സിനിമകളുടെ എഡിറ്ററായിരുന്നു ജബീൻ മെർച്ചന്റ്. ദീപ ധൻരാജ്, ശബ്നം സുഖ്ദേവ്, പരോമിത വോറ, സുരഭി ശർമ്മ എന്നിവരുടെ ഡോക്യുമെന്ററികളും ജബീൻ എഡിറ്റ് ചെയ്തു. ശേഖർ കപൂറിന്റെ ബാൻഡിറ്റ് ക്വീൻ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു പങ്കജ് ഋഷികുമാർ. ആദ്യ ചിത്രമായ കുമാർ ടാക്കീസിനുശേഷം ഇൻ ഗോഡ്സ് ലാൻഡ്, സീഡ്സ് ഓഫ് ഡിസെന്റ്, ദ വോട്ട് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണവും സംവിധാനവും എഡിറ്റിങ്ങും ഛായാഗ്രഹണവും നിർവഹിച്ചു.

പുഷ്പേന്ദ്ര സിങ്, കൃഷാന്ദ് ആർ കെ

പുഷ്പേന്ദ്ര സിങ്, കൃഷാന്ദ് ആർ കെ

സംവിധായകരായ പുഷ്പേന്ദ്ര സിംഗ്, കൃഷാന്ദ് ആർ.കെ എന്നിവരാണ് കഥാവിഭാഗം ജൂറിയിലെ മറ്റ് അംഗങ്ങൾ. പുഷ്‌പേന്ദ്ര സിങ് സംവിധാനം ചെയ്ത ഷെപേഡ്‌സ് ആൻഡ് ദ സെവൻ ഡോഗ്സ് എന്ന ചിത്രം ഹോങ്കോങ് ഫെസ്റ്റിവലിൽ മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടിയിരുന്നു. ബെർലിൻ മേളയിലായിരുന്നു ഈ ചിത്രത്തിന്റെ ആദ്യപ്രദൾശനം. ടൊറൻേറാ, മോൺട്രിയൽ തുടങ്ങി നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ഈ സിനിമയെ 2020ലെ ഏറ്റവും മികച്ച ചിത്രമായി അമേരിക്കയിലെ വീക്ക് മാഗസിൻ തെരഞ്ഞെടുക്കുകയുണ്ടായി. അശ്വത്ഥാമാ, പേൾ ഓഫ് ദ ഡെസർട്ട് എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.

നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ആവാസവ്യൂഹം എന്ന ചിത്രത്തിന്റെ സംവിധായകനാണ് കൃഷാന്ദ്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ഈ ചിത്രം നേടി. ഐഎഫ്എഫ്‌കെ യിൽ നെറ്റ്പാക്, ഫിപ്രസ്‌കി അവാർഡുകളും ആവാസവ്യൂഹത്തിനു ലഭിച്ചു. ഐഎഫ്എഫ്‌കെ മൽസരവിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട വൃത്താകൃതിയിലുള്ള ചതുരം, പുരുഷപ്രേതം എന്നിവയാണ് കൃഷാന്ദിന്റെ മറ്റു ചിത്രങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top