23 December Monday

ഐഡിഎസ്എഫ്എഫ്കെ: ഡെലിഗേറ്റ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

തിരുവനന്തപുരം > സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേളയുടെ (ഐഡിഎസ്എഫ്എഫ്കെ) ഡെലിഗേറ്റ് കിറ്റ് വിതരണം ചീഫ് സെക്രട്ടറി ഡോ. വി വേണു ഉദ്ഘാടനം ചെയ്തു. കൈരളി തിയേറ്റർ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആദ്യ പാസ് യുവനടി അനഘ മായാ രവിക്ക് നൽകി. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് അനഘ.

അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയുടെ ശക്തിയും പ്രസക്തിയും ഓരോ വർഷവും വർധിച്ചുവരുകയാണെന്നും ചിത്രങ്ങളുടെ വളരെ സൂക്ഷമമായ തിരഞ്ഞെടുപ്പാണ് സമിതി എല്ലാവർഷവും നടത്തുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ചീഫ് സെക്രട്ടറിക്കുള്ള ഡെലിഗേറ്റ് കിറ്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ച ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ സമ്മാനിച്ചു. അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ കുക്കു പരമേശ്വരൻ, ഷൈബു മുണ്ടക്കൽ, ജോബി എ എസ് എന്നിവർ സന്നിഹിതരായിരുന്നു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതവും ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി നന്ദിയും പറഞ്ഞു.

രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്കുള്ള കിറ്റുകൾ ഉദ്ഘാടനച്ചടങ്ങിനു ശേഷം കൈരളി തിയേറ്റർ പരിസരത്ത് സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലിൽനിന്ന് വിതരണം ചെയ്തു തുടങ്ങി. ജൂലൈ 26 മുതൽ 31 വരെ ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഡോക്യുമെന്ററി, ഹ്രസ്വചിത്ര വിഭാഗങ്ങളിലായി 335 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 750 ഓളം ഡെലിഗേറ്റുകളും ഇരുനൂറ്റിയമ്പതോളം വിദ്യാർഥികളുമാണ് ഐഡിഎസ്എഫ്എഫ്കെയിൽ ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top