തിരുവനന്തപുരം > പ്രമേയത്തിനും ആസ്വാദനത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന എട്ട് ഇന്ത്യൻ സംഗീത വീഡിയോകൾ പതിനാറാമത് ഐഡിഎസ്എഫ്എഫ്കെ യിൽ പ്രദർശിപ്പിക്കും. തിരസ്കരണത്തിന്റെ കഷ്ടപാടുകളിലൂടെ യാത്ര ചെയ്യുന്ന കുരങ്ങ് മുഖമുള്ള മൂന്ന് വ്യക്തികളുടെ കഥ പറയുന്ന ഊമ്പലും കഞ്ഞിയും ബേസിൽ പ്രസാദ് രചിച്ച് സംവിധാനം നിർവഹിച്ചിരിക്കുന്നു. ഈ വിഭാഗത്തിലുള്ള രണ്ടു മലയാള ചിത്രങ്ങളിലൊന്നാണിത്. അനന്തൻ സുരേന്ദ്രൻ സംഗീതം പകർന്ന് എഡിറ്റു ചെയ്ത് സംവിധാനം നിർവഹിച്ച ഭൂമി എന്ന ചിത്രത്തിലെ നായിക ഒരു പരിസ്ഥിതി പ്രവർത്തകയാണ്.
കല്ലോൽ മുഖർജി സംവിധാനം ചെയ്ത നബ്ബേ കാ മൗധ ഹിന്ദി റാപ് ഗാനമാണ്. ഒരു ഗോത്രോത്സവം രേഖപ്പെടുത്താൻ ജാർഖണ്ഡിലേക്ക് പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് ശ്രീദേവ് സുപ്രകാശ് സംഗീതം പകർന്ന് സംവിധാനം ചെയ്ത ക്ലിയറിങ് ദ പാസ്റ്റ്. ആത്മസംഘർഷങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ഊട്ടിയുറപ്പിക്കുന്നതോടൊപ്പം ഒറ്റപ്പെടലിന്റെ നിശ്ശബ്ദതയിൽ ഒരു സ്ത്രീയുടെ ഉള്ളിലെ സംഭാഷണങ്ങളെ ആവിഷ്കരിക്കുന്ന സംഗീത വീഡിയോ ആണ് ശ്രീകാന്ത് ശിവസ്വാമിയും അയ്റിൻ ഷബ്‌നവും സംവിധാനവും നിർമാണവും നിർവഹിച്ച മങ്കി. ശാരീരിക ഉപദ്രവത്തിനിരയായ വേശ്യ, മതപരമായ ഒരുത്സവ പരിപാടിക്കിടെ തന്നിൽ ദൈവം കുടിയേറിയതായി അഭിനയിക്കുന്നതോടെ വെറുപ്പ് മറന്ന് സമൂഹം അവളെ ആദരിക്കുന്ന കഥ ഹൃഥ്വിക് ശശികുമാർ സംവിധാനം ചെയ്യുന്ന സംഗീത വീഡിയോ പെണ്മയ് ആവിഷ്കരിക്കുന്നു.
നിലാധ്രി ശേഖറും അനമൊയ് ബേരയും സംയുക്തമായി സംവിധാനം ചെയ്ത സോളിറ്ററി സെക്സ് സ്വയംഭോഗത്തിന്റെ പ്രതീകാത്മക പ്രതിനിധാനത്തെക്കുറിച്ചുള്ള ദൃശ്യാന്വേഷണമാണ്.
ശാസ്ത്രീയ സംഗീതത്തിന്റെയും സമകാലിക ഇലക്ട്രോണിക് സംഗീതത്തിന്റെയും വ്യതിരിക്തമായ സമന്വയത്തിലൂടെ ദുർബലത, വിശ്വാസം, ബന്ധങ്ങളുടെ സ്വഭാവം എന്നീ വിഷയങ്ങളെ അന്വേഷിക്കുകയാണ് മനീഷ് കുശാലനിയുടെ സ്വേ എന്ന വീഡിയോ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..