തൊടുപുഴ
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗിനെ തൊടുപുഴയിൽ പച്ചതൊടീക്കില്ലെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഡിസിസി പ്രസിഡന്റ് ലീഗിനെ വെല്ലുവിളിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്താനുള്ള കച്ചവടം ലീഗ് ജില്ലാപ്രസിഡന്റ് കെ എം എ ഷുക്കൂർ വിദേശത്തിരുന്നാണ് ഉറപ്പിച്ചതെന്ന് സി പി മാത്യു ആരോപിച്ചു. എന്നാൽ ഇതിന്റെ പേരിൽ ആരാണ് പണം കൈപ്പറ്റിയതെന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നായിരുന്നു മറുപടി.
ചെയർപേഴ്‌സൺ സ്ഥാനാർഥി നിർണയ ചർച്ചയിൽ ലീഗിന്റെ മുതിർന്ന നേതാക്കളാരും പങ്കെടുത്തില്ല. എം എ കരീമിനെ സ്ഥാനാർഥിയാക്കുന്നതിൽ ലീഗിലെ വരേണ്യവർഗ നേതാക്കൾക്ക് താൽപര്യമില്ലായിരുന്നു. ജോസഫ് ഗ്രൂപ്പിന്റെ വാദവും മുന്നണി മര്യാദയ്‌ക്ക് ചേർന്നതല്ല. ആദ്യ ടേം ചെയർമാൻ സ്ഥാനം അവർക്ക് കൊടുക്കാനുള്ള തീരുമാനം കോൺഗ്രസിന്റെ ഔദാര്യമായിരുന്നു.
തെരഞ്ഞെടുപ്പിൽ ലീഗിന്റെ ചതിയും വഞ്ചനയുമാണ് കണ്ടത്. ഉത്തരകേരളത്തിലെ ഉമ്മാക്കികാട്ടി കോൺഗ്രസിനെ ഭയപ്പെടുത്താൻ നോക്കേണ്ട. കോൺഗ്രസ് പാർടി തൊടുപുഴ മണ്ഡലത്തിൽ ഒറ്റയ്‌ക്ക് മത്സരിച്ച് വിജയിക്കുമെന്നും അതിന് ഇനി ലീഗിന്റെ സഹായം ആശ്യമില്ലെന്നും സി പി മാത്യു വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..