22 December Sunday

ന്നാ പിന്നെ ഇടുക്കിക്ക് വിട്ടാലോ...

നിധിൻ രാജുUpdated: Sunday Sep 8, 2024

ഇടുക്കി > ഓണമടുത്തതോടെ കാഴ്‌ചകളുടെ പറുദീസയായ ഇടുക്കി സഞ്ചാരികളെ വരവേൽക്കാൻ തയാറായിക്കഴിഞ്ഞു. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്‌ടമേഖലയാണ്‌ മലയോരജില്ല. എങ്ങോട്ടുതിരിഞ്ഞാലും കാഴ്‌ചകളുടെ ഹരിതഭംഗി തുളുമ്പുന്ന ഉഗ്രൻ ഫ്രെയ്‌മുകൾ.

മൂന്നാർ

കണ്ണെത്താദൂരത്തോളം പച്ചപുതച്ചുകിടക്കുന്ന തേയിലതോട്ടങ്ങൾ, അവയ്‌ക്കിടയിലൂടെ വളഞ്ഞുനീളുന്ന ഉഗ്രൻ റോഡുകൾ, മനോഹരമായ ചെറു പട്ടണങ്ങൾ... മലയാളിയുടെ മിക്ക ട്രിപ് പ്ലാനുകളും മൂന്നാർ വഴിയൊന്ന് കറങ്ങിപ്പോകുമെന്ന് ഉറപ്പാണ്. പുൽമേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളും ചേർന്നൊരുക്കുന്ന പ്രകൃതിഭംഗി ആസ്വദിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ധാരളമായി ആളുകൾ ഇങ്ങോട്ടെത്താറുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. സ്‌കോട്ട്‌ലൻഡിനെയും വടക്കൻ ഇംഗ്ലണ്ടിനെയും അനുസ്‌മരിപ്പിക്കുന്ന കാലാവസ്ഥയും അനുപമമായ ഭൂപ്രകൃതിയുമാണ്‌ വെള്ളക്കാരെ മൂന്നാറിലേക്ക് അടുപ്പിച്ചത്. അവർ അവശേഷിപ്പിച്ചതും പ്രകൃതി കനിഞ്ഞുതന്നതുമായ കാഴ്‌ചകളുടെ കലവറതീർത്തുകൊണ്ടാണ്‌ മൂന്നാർ സഞ്ചാരികളെ കാത്തിരിക്കുന്നത്‌. മൂന്നാറിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് മാട്ടുപ്പട്ടി, കുണ്ടള എന്നിവ. ജലാശയങ്ങളിലെ ബോട്ടിങ്ങാണ്‌ പ്രധാന ആകർഷണം. കുണ്ടളയിൽനിന്ന്‌ 11 കി.മീറ്റർ ദൂരമാണു ടോപ്‌സ്‌റ്റേഷനിലേക്ക്. താഴേക്കുനോക്കിയാൽ ഭൂമിയുടെ അനന്തത മുന്നിൽ തെളിയും. 100 മീറ്റർ അകലെയാണു വ്യൂ പോയിന്റ്.

വട്ടവട–കാർഷികപൈതൃകഗ്രാമം

Photo: Wikipedia

Photo: Wikipedia

പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനങ്ങളാൽ ചുറ്റപ്പെട്ട വട്ടവട പ്രകൃതിഭംഗികൊണ്ടും തനത്‌ കാർഷിക- ജൈവവൈവിധ്യംകൊണ്ടും വേറിട്ടുനിൽക്കുന്നു. കോവിലൂരിലാണു വട്ടവടയുടെ തുടക്കം. കിഴക്കാംതൂക്കായ മലകൾക്കു നടുവിൽ, തട്ടുതട്ടായ കൃഷിഭൂമികൾ. ഉരുളക്കിഴങ്ങ്, ബീൻസ്, വെളുത്തുള്ളി തുടങ്ങി നിരവധി പച്ചക്കറികളും സ്‌ട്രോബറി മുതലായ പഴങ്ങളും സമൃദ്ധം. കേരളത്തിന്റെ പച്ചക്കറിഗ്രാമം എന്നപേരിൽ അറിയപ്പെടുന്ന വട്ടവട നഗരതിരക്കുകളിൽനിന്നൊഴിഞ്ഞ്‌ ശാന്തമായി സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണ്‌.

കാഴ്ചകളുടെ അതിരല്ലാമെട്ടുകൾ

ചതുരംഗപ്പാറമെട്ട്

ചതുരംഗപ്പാറമെട്ട്

രാമക്കൽമെട്ട്, കമ്പംമെട്ട്, ബോഡിമെട്ട്, രാജപ്പാറമെട്ട്, ചെല്ലാർകോവിൽമെട്ട്, ചതുരംഗപ്പാറമെട്ട് തുടങ്ങി മെട്ടുകൾ(മേട്‌) നിരവധിയുണ്ട് ജില്ലയിൽ. കൂടുതലും തമിഴ്നാടിനോട് അടുത്തുകിടക്കുന്നവ. അവിടങ്ങളിൽ നിന്നുനോക്കിയാൽ സാഹ്യനുകീഴിൽ തമിഴ്നാടൻ കാർഷിക ഗ്രാമങ്ങൾ പരന്നുകിടക്കുന്നത് കാണാം. ഒരു നിമിഷംപോലും വിശ്രമിക്കാതെ വീശുന്ന കാറ്റാണ് പ്രത്യേകത. രാമക്കൽമെട്ടിലും ചതുരംഗപ്പാറയിലും കൂറ്റൻ കാറ്റാടിയന്ത്രങ്ങൾ തിരിയുന്ന കാഴ്ചയും ആകർഷകം.

രാമക്കൽമേട്, ആമപ്പാറ

കേരള–തമിഴ്‌നാട് അതിർത്തിയിൽ സമുദ്രനിരപ്പിൽനിന്ന് 1100 മീറ്റർ ഉയരത്തിലാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായ രാമക്കൽമെട്ട്‌ മലനിരകൾ. ഇതിനുമുകളിൽനിന്നുള്ള തമിഴ്നാട്‌ കമ്പം–തേനി ഭാഗങ്ങളിലെ കണ്ണെത്താദൂരം പരന്നുകിടക്കുന്ന കൃഷിഭൂമികളുടെ ആകാശകാഴ്‌ചയാണ്‌ ‘ഹൈലൈറ്റ്’. ഓഫ്‌റോഡ് യാത്രയും സാഹസികതയും ഇഷ്‌ടപ്പെടുന്നവർക്ക്‌ പറ്റിയ ഇടമാണ്‌ ആമപ്പാറ. രാമക്കൽമേടുനിന്ന്‌ വളരെയടുത്താണിത്. ദൂരക്കാഴ്‌ചയിൽ ആമയോട് സാമ്യമുള്ള പാറയാണ്‌ ഇവിടത്തെ കാഴ്‌ച. ആമയുടെ തോടിനുള്ളിലൂടെ എന്നപോലെ ഒരാൾക്ക് കഷ്ടിച്ച് കടക്കാവുന്ന നേരിയ പാറയിടുക്കിലൂടെ കടന്നു മറുവശത്തെത്തിയാൽ അതി മനോഹരമാണ് കാഴ്ച. 2019ൽ ഇക്കോ പാർക്കായി ഉയർത്തിയ ഇവിടമിപ്പോൾ ഫെൻസിങ്ങിലൂടെ സുരക്ഷിതമാക്കിയിട്ടുണ്ട്‌. കൂറ്റൻ ആമ ശിൽപ്പവും ഓണത്തിന്‌ മുന്നോടിയായി പൂർത്തിയായി.

കൊളുക്കുമലയെന്ന കാഴ്‌ച്ചക്കൊളുന്ത്‌

ഉയരത്തിന്റെ കാര്യത്തിൽ ആനമുടിയുടെ തോളിനൊപ്പം വരില്ലെങ്കിലും പെരുമയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ലോകത്തിൽ ഏറ്റവും ഉയരത്തിൽ തേയില കൃഷി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണിവിടം. തമിഴ്‌നാട്‌ തേനി ജില്ലയുടെ ഭാഗമാണ്‌. പശ്ചിമഘട്ട മലനിരയിൽ 7130 അടി ഉയരമുണ്ട്‌ കൊളുക്കുമലയ്ക്ക്‌. ശരീരത്തിൽ കൊളുത്തിവലിയ്ക്കുന്ന തണുപ്പൻ കാറ്റും മറ്റെങ്ങും ലഭിക്കാത്ത സൂര്യോദയകാഴ്‌ചയുമാണ്‌ കൊളുക്കുമലയെ വ്യത്യസ്‌തമാക്കുന്നത്‌.

പെരിയാർ ടൈഗർ റിസർവ്‌

പശ്ചിമഘട്ടത്തിന്റെ തെക്കൻ മേഖലയിൽ 777 ചതുരശ്ര കിലോമീറ്റർ വനഭൂമിയിൽ പെരിയാർ കടുവാ സങ്കേതം വ്യാപിച്ചുകിടക്കുന്നു. വ്യത്യസ്‌തമായ സസ്യ–ജന്തുജാലങ്ങളുടെ സമൃദ്ധമായ ശേഖരമുണ്ടിവിടെ. പ്രകൃതി നടത്തം, ജംഗിൾ ക്യാമ്പ്‌ തുടങ്ങി സഞ്ചാരികൾക്ക് നിരവധി ഇക്കോ ടൂറിസം പ്രോഗ്രാമുകളും  പെരിയാർ ടൈഗർ റിസർവ്‌ വാഗ്ദാനം ചെയ്യുന്നു.

ഇരവികുളം ദേശീയോദ്യാനം

വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഇരവികുളം ഉദ്യാനത്തിലാണ്. 97 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഇരവികുളത്തെ ഇക്കോ പോയിന്റ്, രാജമല എന്നിവിടങ്ങളിലാണ്‌ സഞ്ചാരികൾക്ക്‌ പ്രവേശനം. ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ ഇവിടെ ഔദ്യോഗിക വാഹനങ്ങളിലാണ് സന്ദർശകരെ കൊണ്ടുപോകുക. അപൂർവമായ ഓർക്കിഡുകളും കാട്ടുപൂക്കളും കുറിഞ്ഞികളും തുടങ്ങി അപൂർവ​ഗണത്തിലുള്ള സസ്യജാലങ്ങളുടെ കലവറയാണ്‌.

വെള്ളച്ചാട്ടങ്ങളുടെ നാട്‌

കീഴാർകുത്ത്‌

കീഴാർകുത്ത്‌

വെള്ളച്ചാട്ടങ്ങളാൽ സമ്പന്നമാണ്‌ ഇടുക്കി. ആനയടിക്കുത്ത്‌, തൊമ്മൻകുത്ത്‌, ഞണ്ടിറുക്കി, അരുവിക്കുത്ത്‌, ചീയപ്പാറ, തൂവാനം, കീഴാർകുത്ത്‌, വളഞ്ഞങ്ങാനം, മദാമ്മക്കുളം, പള്ളിവാസൽ, ചെല്ലാർകോവിൽ, അഞ്ചുരുളി തുടങ്ങി നൂറുകണക്കിന്‌ ചെറുതും വലുതമായ വെള്ളച്ചാട്ടങ്ങൾ ജില്ലയിലുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top