തിരുവനന്തപുരം
തലസ്ഥാന നഗരിയിൽ ഏഴുദിവസം ദൃശ്യ വിസ്‌മയക്കാഴ്‌ചകളൊരുക്കിയ 29–-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് കൊടിയിറങ്ങി. സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ബ്രസിലീയൻ സംവിധായകൻ പെഡ്രോ ഫ്രെയ്‌റിയുടെ "മാലു' സുവർണ ചകോരം നേടി .
സംവിധായകനും നിർമാതാക്കൾക്കുമായി 20 ലക്ഷം രൂപയും പ്രശസ്‌തി പത്രവും സുവർണ ചകോരത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. വിവിധ വിഭാഗങ്ങളിലായി അഞ്ച് പുരസ്കാരങ്ങൾ നേടി ഫാസിൽ മുഹമ്മദിന്റെ "ഫെമിനിച്ചി ഫാത്തിമ' മലയാളത്തിന്റെ അഭിമാനമായി. ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം, അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം എന്നിവ ‘ഫെമിനിച്ചി ഫാത്തിമ’ക്കാണ്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്‌കാരത്തിന് പുറമേ മികച്ച സംവിധായകനുള്ള കെ ആർ മോഹനൻ പുരസ്‌കാരവും പ്രത്യേക ജൂറി പരാമർശവും ഫാസിൽ മുഹമ്മദ് സ്വന്തമാക്കി.
മികച്ച ഏഷ്യൻ സിനിമയ്‌ക്കുള്ള നെറ്റ്‌പാക് പുരസ്‌കാരം ‘മീ, മറിയം, ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്’ നേടിയപ്പോൾ മികച്ച സംവിധായകനുള്ള രജത ചകോരം ഈ സിനിമയുടെ സംവിധായകൻ ഫർഷദ് ഹഷേമിയും നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ദ ഹൈപ്പർബോറിയൻസിന്റെ സംവിധായകരായ ക്രിസ്റ്റൊബൽ ലിയോൻ, ഹ്വാകിൻ കൊകിന എന്നിവർക്കായിരുന്നു. സാങ്കേതിക മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ഹാല എൽകൗസിയുടെ ഈസ്റ്റ് ഓഫ് നൂൺ നേടി. "അപ്പുറ'ത്തിലെ പ്രകടനത്തിന് അനഘ രവിയും "റിഥം ഓഫ് ദമാ'മിലെ പ്രകടനത്തിന് ചിന്മയ സിദ്ധിയും മികച്ച നടിമാർക്കുള്ള പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
മലയാള സിനിമയിലെ മികച്ച നവാഗത സംവിധായികയ്‌ക്കുള്ള ഫിപ്രസി പുരസ്കാരം ജെ ശിവരഞ്ജിനി (വിക്ടോറിയ) നേടി. നെറ്റ്‌പാക് വിഭാഗത്തിൽ മികച്ച മലയാളം സിനിമയ്‌ക്കുള്ള പ്രത്യേക പരാമർശം മിഥുൻ മുരളിയുടെ ‘കിസ്‌വാഗൺ’ സ്വന്തമാക്കി. ഇന്ത്യൻ സിനിമയിലെ മികച്ച നവാഗത സംവിധായികയ്‌ക്കുള്ള എഫ്‌എഫ്‌എസ്‌ഐ കെ ആർ മോഹനൻ പുരസ്കാരം ‘അപ്പുറ’ത്തിലൂടെ ഇന്ദു ലക്ഷ്‌മിയും നേടി. സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന്റെ സംവിധായിക പായൽ കപാഡിയ്‌ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..