17 December Tuesday

ഗോൾഡൻ ഗ്ലോബ്, കാൻ ചലച്ചിത്രമേളകളിൽ തിളങ്ങിയ ഏഴ് ചിത്രങ്ങൾ ആറാം ദിനം പ്രദർശനത്തിന്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

തിരുവനന്തപുരം > ഗോൾഡൻ ഗ്ലോബ്, കാൻ ചലച്ചിത്ര മേളകളിൽ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും നേടിയ ഏഴു ചിത്രങ്ങൾ ചലച്ചിത്രമേളയുടെ ആറാം ദിനം (18 ഡിസംബർ) പ്രദർശിപ്പിക്കും. ദി സബ്സ്റ്റൻസ്, അനോറ, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, എമിലിയ പെരെസ്, ദി ഷെയിംലെസ്സ്, കോൺക്ലേവ്, ദി സീഡ് ഓഫ് സേക്രഡ് ഫിഗ് എന്നിവയടക്കമുള്ള ചിത്രങ്ങളാണ് വിവിധ തീയേറ്ററുകളിലായി ഇന്നു ചലച്ചിത്രപ്രേമികൾക്കുമുന്നിലെത്തുന്നത്.

ഫ്രഞ്ച് സംവിധായിക കൊരാലി ഫാർഗീറ്റ് സംവിധാനം ചെയ്ത 'ദി സബ്സ്റ്റൻസ്' കാൻ ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ചിത്രമാണ്. യൂറോപ്യൻ ഫിലിം അവാർഡ്സിൽ മികച്ച ദൃശ്യാവിഷ്‌കരണത്തിനും ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരം ലഭിച്ച ചിത്രം ടാഗോർ തിയറ്ററിൽ ഉച്ചയ്ക്കു 2.15ന് പ്രദർശിപ്പിക്കും.

അമേരിക്കൻ ചലച്ചിത്രകാരൻ ഷോൺ ബേക്കറിന്റെ 'അനോറ', 77 -ാമത് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്‌കാരത്തിനർഹമായ ചിത്രമാണ്. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നാഷണൽ ബോർഡ് ഓഫ് റിവ്യൂവിന്റേയും 2024 ലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഏരീസ്പ്ലക്സ്സ്‌ക്രീൻ 1ൽ ഉച്ചയ്ക്കു 12നാണു പ്രദർശനം. കാൻ മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമ മലയാളി അഭിനേതാക്കളുടെ സാന്നിധ്യം കൊണ്ട്  കേരളത്തിലും ചർച്ച നേടിയിരുന്നു. ചിത്രം ടാഗോർ തിയറ്ററിൽ വൈകിട്ട് ആറിന്‌ പ്രദർശിപ്പിക്കും.

ജാക്ക്യുസ് ഓഡിയർഡിന്റെ ഫ്രഞ്ച് ക്രൈം കോമഡി മ്യൂസിക്കൽ ത്രില്ലെർ വിഭാഗത്തിൽപ്പെടുന്ന എമിലിയ പെരെസ് എന്ന ചിത്രത്തിലുടനീളം ഒപ്പേറ സംഗീതം പശ്ചാത്തലത്തിൽ ഉണ്ട്. 77-ാമത് കാൻ ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരവും, പ്രത്യേക ജൂറി പരാമർശവും ചിത്രത്തിന് ലഭിച്ചിരുന്നു. ഓസ്‌കാറിൽ മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിലും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. എറിസ്‌പ്ലെക്‌സ് സ്‌ക്രീൻ നാലിൽ ഒൻപതിന് പ്രദർശിപ്പിക്കും. കോൺസ്റ്റാന്റിൻ ബോജനോവ് സംവിധാനം ചെയ്ത 'ദി ഷെയിംലെസ്സ്'. മികച്ച നടിക്കുള്ള ഉൻ സെർടൈൻ റിഗാർഡ് അവാർഡ് അനസൂയ സെൻഗുപ്തക്ക്  കാനിൽ നേടിക്കൊടുത്ത ചിത്രമാണ്. വൈകിട്ടു 3.15ന് ശ്രീ തിയറ്ററിലാണു പ്രദർശനം.

എഡ്വാർഡ് ബെർഗറുടെ മിസ്റ്ററി ത്രില്ലർ കോൺക്ലേവിന്റെ പ്രദർശനം രാത്രി 8:30 ന് നിളയിലും 'ദി സീഡ് ഓഫ് സേക്രഡ് ഫിഗി'സിന്റെ പ്രദർശനം ഏരിസ്‌പ്ലെസ് സ്‌ക്രീൻ 1ൽ വൈകിട്ട് ആറിനും നടക്കും. വനിതാ സംവിധായകരുടെ ചിത്രങ്ങളായ കാമദേവൻ നക്ഷത്രം കണ്ടു, വിക്ടോറിയ, അപ്പുറം, ബാൻസോ, ഇഫ് ഒൺലി ഐ കുഡ് ഹൈബർനേറ്റ്,പിയേഴ്‌സ്, ഷഹീദ്,ടോക്‌സിക്, എന്നിവയും ഇന്നത്തെ മേളയിലുള്ള ആഗോള ജനപ്രിതിയാർജ്ജിച്ച ചിത്രങ്ങളാണ്. ഹൊറർ ചിത്രമായ 'ദി ലോങ്ലെഗ്സ്' മിഡ്നൈറ് സ്‌ക്രീനിംഗ് പരമ്പരയുടെ ഭാഗമായി രാത്രി 12  മണിക്ക് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top