ഐഎഫ്എഫ്കെ പ്രേക്ഷകർക്ക് സുപരിചിതനാണ് ഉദ്ഘാടന ചിത്രമായ അയാം സ്റ്റിൽ ഹിയർ സംവിധാനം ചെയ്ത വാൾട്ടർ സലസ്. ചെ ഗുവേരയുടെ ആത്മകഥാപരമായ മോട്ടോർ സൈക്കിൾ ഡയറീസ് എന്ന പുസ്തകത്തെ ആസ്പദമാക്കി അതേ പേരിൽ സലസ് സംവിധാനം ചെയ്ത ചിത്രം. കേരളത്തിലെ ചലച്ചിത്ര പ്രേമികൾ പലവട്ടം കണ്ടാസ്വദിച്ചതാണ്.
അമേരിക്കയിൽ 1950കളിലും അറുപതുകളിലും രൂപംകൊണ്ട ബീറ്റ് ജനറേഷൻ എന്ന വിഗ്രഹഭഞ്ജക സാംസ്കാരിക മുന്നേറ്റത്തിന്റെ പ്രതീകമായ ഓൺ ദ് റോഡ് എന്ന നോവലിനും സലസ് ചലച്ചിത്രഭാഷ്യം നൽകി. ജാക് കെറുവാക് ആണ് ഈ കൾട് നോവൽ എഴുതിയത്. സെൻട്രൽ സ്റ്റേഷൻ എന്ന അതിമനോഹരമായ മറ്റൊരു റോഡ് മൂവി കൂടിയുണ്ട് സലസിന്റേതായി. പ്രശസ്ത ബ്രസീലിയൻ നടി ഫെർണാണ്ട മോണ്ടിനെഗ്രോ ആണ് അതിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അയാം സ്റ്റിൽ ഹിയർ എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായ യൂനിസ് പായ്‌വയെ അവതരിപ്പിക്കുന്ന ഫെർണാണ്ട ടോറെസ് മോണ്ടിനെഗ്രോയുടെ മകളാണ്. യൂനിസിന്റെ വാർധക്യകാലം അവതരിപ്പിക്കുന്നത് മോണ്ടിനെഗ്രോ ആണ്.
ബ്രസീലിൽ പട്ടാളഭരണം നിലനിന്നിരുന്ന 1970കളാണ് സിനിമയുടെ പശ്ചാത്തലം. സലസിന് അടുപ്പമുണ്ടായിരുന്ന പായ്‌വ കുടുംബത്തിന്റെ കഥയാണിത്. റൂബൻസും യൂനിസും അഞ്ചു മക്കളും ആഹ്ലാദപൂർവം ജീവിച്ചിരുന്ന ആ വീട്ടിലെ നിത്യസന്ദർശകനായിരുന്നു സലസ്. പട്ടാളഭരണത്തിന്റെ അടിച്ചമർത്തൽ സ്വഭാവത്തിനു കടകവിരുദ്ധമായിരുന്നു ആ കുടുംബത്തിന്റെ അന്തരീക്ഷം. രാഷ്ട്രീയവും ബ്രസീലിയൻ സംഗീതവും അവിടെ നിറഞ്ഞുനിന്നു. ബഹുസ്വരതയായിരുന്നു ആ കുടുംബത്തിന്റെ മുഖമുദ്ര. അവിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തത്തെക്കുറിച്ചാണ് ഈ സിനിമ. ഭരണകൂട ഭീകരതയുടെ ഇരകളായി മാറുന്ന ഒരു കുടുംബത്തിന്റെ ദുരന്തകഥ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..