20 December Friday

ഐഎഫ്എഫ്കെയ്‌ക്ക്‌ ഇന്ന് സമാപനം; അവസാന ദിനവും ചില്ലാകും

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

തിരുവനന്തപുരം> വൻകരകളിൽനിന്നുള്ള വ്യത്യസ്‌ത ജീവിതാവസ്ഥകളുടെ കഥപറഞ്ഞ്‌ ഏഴ്‌ രാവും പകലും. 29–-ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ (ഐഎഫ്‌എഫ്‌കെ) വെളളിയാഴ്‌ച  സമാപനം. അവസാനദിനത്തിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒന്നിനൊന്ന് മികച്ച 11 സിനിമ. സമാപന ചടങ്ങിനുശേഷം സുവർണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനം നിശാഗന്ധിയിൽ നടക്കും. സമാപന സമ്മേളനം വൈകിട്ട്‌ ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

സ്‌പിരിറ്റ്‌ ഓഫ്‌ സിനിമ പുരസ്‌കാം പായൽ കപാഡിയയ്‌ക്ക്‌ മുഖ്യമന്ത്രി സമ്മാനിക്കും. മാത്യു റങ്കിൻ സംവിധാനംചെയ്ത യൂണിവേഴ്‌സൽ ലാംഗ്വേജ് മനുഷ്യബന്ധങ്ങളുടെയും സ്വത്വത്തിന്റെയും സാർവത്രികത എടുത്തുകാട്ടുന്നു. കൈരളി തിയറ്ററിൽ പകൽ 11.30നാണ്‌ ചിത്രം. ശക്തമായ ആഖ്യാനരീതികൊണ്ടും ദൃശ്യഭാഷ കൊണ്ടും ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്‌ കുർദ്വിൻ അയൂബ് സംവിധാനം ചെയ്ത മൂൺ. ചിത്രം ശ്രീ തിയറ്ററിൽ രാവിലെ 9.15ന് പ്രദർശിപ്പിക്കും. ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുടെ ചിത്രമായ എയ്റ്റീൻ സ്പ്രിങ്‌സ് നിള തിയറ്ററിലാണ് പ്രദർശിപ്പിക്കുന്നത്.

ഛായാഗ്രാഹകനായി പേരെടുത്ത അഷ്‌കൻ അഷ്‌കാനിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം ടാഗോർ തിയറ്ററിൽ രാവിലെ 11.15ന് പ്രദർശിപ്പിക്കും. ബ്ലാക് ഡോഗ്, ഗേറ്റ് ടു ഹെവൻ, ക്രോസിങ്‌, കിസ്സ് വാഗൺ, കിൽ ദ ജോക്കി, ലൈറ്റ് ഫാൾസ്, മിസെരികോർഡിയ തുടങ്ങിയ ചിത്രങ്ങളും അവസാന ദിവസം പ്രദർശനത്തിന്‌ എത്തും. ഇത്തവണ 68  രാജ്യത്തെ ‌177 ചിത്രമാണ്‌ മേളയിൽ എത്തിയത്‌.

മികച്ച സംവിധായകനെ തെരെഞ്ഞെടുക്കാം


കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മത്സരിക്കുന്ന 14 ചിത്രങ്ങളിൽനിന്ന് മികച്ച സിനിമ തെരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം. മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ എസ്എംഎസ് വഴിയോ വോട്ട്‌ചെയ്യാം. വെള്ളി പകൽ 2.30 വരെ വോട്ട്‌ചെയ്യാൻ അവസരമുണ്ട്‌. എസ്എംഎസ് വഴി വോട്ട്‌ ചെയേണ്ട വിധം ഇങ്ങനെ: IFFK FILM CODE എന്ന് 56070 നമ്പരിലേക്ക് എസ്എംഎസ് അയക്കുക. ഐഎഫ്എഫ്കെയുടെ ആപ്ലിക്കേഷനിലോ, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ പോൾ രേഖപെടുത്താം.ലിങ്ക്: https://registration.iffk.in

മികച്ചനിലയിൽ മേള സംഘടിപ്പിക്കാനായി

സുഗമമായനിലയിൽ മേള നടത്താനായതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്‌ പറഞ്ഞു. ഡെലിഗേറ്റുകളുടെ മാനേജ്‌മെന്റ്‌ നന്നായി നടത്താനായി. കിറ്റും പാസും സമയബന്ധിതമായി കൊടുക്കാൻ കഴിഞ്ഞു. തിയറ്ററുകളിൽ ടെക്‌നിക്കൽ കമ്മിറ്റികൾ പോയി പ്രൊജക്ഷന്റെ നിലവാരം, സൗകര്യങ്ങൾ എന്നിവ പരിശോധിച്ച്‌ കുറ്റമറ്റതാണെന്ന്‌ ഉറപ്പാക്കി. തിയറ്ററുകളിൽ വളന്റിയർമാരെ വിന്യസിച്ചു. ഗസ്‌റ്റിന്റെ കാര്യങ്ങൾ നോക്കാനും വളന്റിയർമാരെ നിയോഗിച്ചു. കലാപരിപാടികൾ മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞു. വിദ്യാർഥികൾക്ക്‌ നിർമാതാക്കളുടെ സംഘടനയും ഫിലിം ഫ്രട്ടേണിറ്റിയും ചേർന്ന്‌ ഉച്ചഭക്ഷണം ഉറപ്പാക്കി. രണ്ട്‌ കെഎസ്‌ആർടിസി ഇലക്‌ട്രിക്‌ ബസുകൾ ഫെസ്‌റ്റിവൽ സർക്യൂട്ട്‌ റൂട്ടുകളിൽ സർവീസ്‌ നടത്തി. ഡെലിഗേറ്റുകളുടെ ഏതുപ്രശ്‌നവും കേൾക്കാനും പരിഹരിക്കാനും ഇടപെടുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top