തിരുവനന്തപുരം
ഹൃദയത്തോട് ചേർത്തുപിടിക്കാൻ ഇനി ഏഴുദിവസം മടുപ്പില്ലാത്ത വെള്ളിത്തിരക്കാഴ്‌ചകളുമായി, ആയിരക്കണക്കിന് ചലച്ചിത്രപ്രേമികളെ വരവേറ്റ് തലസ്ഥാന നഗരം. വെള്ളി വൈകിട്ട് നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയത്തിൽ വൻജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ 29–-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് തിരി തെളിച്ചു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ചടങ്ങിൽ നടി ശബാന ആസ്-മി വിശിഷ്‌ടാതിഥിയായി.
ഹോങ്കോങ്ങിൽനിന്നുള്ള സംവിധായിക ആൻ ഹുയിക്ക് സമഗ്രസംഭാവനാ പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു. 10 ലക്ഷം രൂപയും ശിൽപ്പവുമാണ് അവാർഡ്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അതുല്യപ്രതിഭ, അഭിനയരംഗത്ത് 50 വർഷം തികയ്‌ക്കുന്ന ശബാന ആസ്‌മിയെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. 20 വരെ 15 തിയറ്ററുകളിലായി 68 രാജ്യങ്ങളിൽനിന്നുള്ള സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. 13,000ൽപ്പരം ഡെലിഗേറ്റുകളും നൂറോളം ചലച്ചിത്രപ്രവർത്തകരും മേളയുടെ ഭാഗമാകും. 20ന് സമാപനച്ചടങ്ങിൽ സംവിധായിക പായൽ കപാഡിയയ്‌ക്ക് ‘സ്‌പിരിറ്റ് ഓഫ് സിനിമ’ അവാർഡ് സമ്മാനിക്കും. ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ സംസാരിച്ചു. ഉദ്‌ഘാടന ചിത്രമായി വാൾട്ടർ സലസിന്റെ പോർച്ചുഗീസ് ചിത്രം "ഐ ആം സ്റ്റിൽ ഹിയർ' നിറഞ്ഞ വേദിയിൽ പ്രദർശിപ്പിച്ചു.
മുതിർന്ന പൗരൻമാർക്ക്
ക്യൂ ഇല്ല
തിയറ്ററുകളിൽ 70 ശതമാനം സീറ്റ് റിസർവേഷൻ ചെയ്‌തവർക്കാണ്. മുതിർന്ന പൗരന്മാർക്ക് ക്യൂവില്ലാതെ പ്രവേശിക്കാം. കെഎസ്ആർടിസിയുടെ രണ്ട് ഇ-–- ബസ് പ്രദർശനവേദികളെ ബന്ധിപ്പിച്ച് സൗജന്യ സർവീസ് നടത്തും.
തിരുവനന്തപുരം
പതിനായിരങ്ങൾ നിറഞ്ഞ കനകക്കുന്ന്, നിശാഗന്ധി ഓഡിറ്റോറിയത്തിൽ കസേരയിലിരുന്നും തറയിലിരുന്നും സിനിമ കാണാൻ തയ്യാറായി ആസ്വാദകർ. പ്രായഭേദമന്വേ സിനിമയെന്ന മാന്ത്രികതയിൽ മുങ്ങിത്താഴാൻ തയ്യാറായി പ്രേക്ഷകർ. 29–-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങും തുടർന്നുള്ള സിനിമാ പ്രദർശനവും വമ്പർ ഹിറ്റായി.
വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത പോർച്ചുഗീസ് ചിത്രം "ഐ ആം സ്റ്റിൽ ഹിയർ' ആണ് നിശാഗന്ധിയിൽ പ്രദർശിപ്പിച്ചത്. ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് ചിത്രം. ചടങ്ങിൽ മന്ത്രി ജി ആർ അനിൽ ഫെസ്റ്റിവൽ ബുക്ക് വി കെ പ്രശാന്ത് എംഎൽഎയ്ക്ക് നൽകിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ ഫെസ്റ്റിവൽ ബുക്ക് ക്യുറേറ്റർ ഗോൾഡാ സെല്ലത്തിന് നൽകിയും പ്രകാശിപ്പിച്ചു. ജെ സി ഡാനിയേൽ പുരസ്കാര ജേതാവ് ഷാജി എൻ കരുണിനെക്കുറിച്ച് എസ് ജയചന്ദ്രൻ നായർ രചിച്ച ഏകാന്തദീപ്തികൾ എന്ന പുസ്തകം അന്താരാഷ്ട്ര ജൂറി ചെയർപേഴ്സൺ ആഗ്നസ് ഗൊദാർദ് പ്രകാശിപ്പിച്ചു. സാംസ്‌കാരികവകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ആദ്യപ്രതി ഏറ്റുവാങ്ങി.
ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, ജൂറി ചെയർപേഴ്സൺ ആഗ്നസ് ഗൊദാർദ്, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബ്, അക്കാദമി സെക്രട്ടറി സി അജോയ്, ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ എന്നിവരും പങ്കെടുത്തു. ആദ്യദിനമായ വെള്ളിയാഴ്ച അഞ്ച് തിയറ്ററുകളിലായി 10 സിനിമകളും പ്രദർശിപ്പിച്ചിരുന്നു.
ഇന്ന് 67 ചിത്രങ്ങൾ
ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ശനിയാഴ്‌ച 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എം മോഹൻ സംവിധാനം ചെയ്ത "രചന', ഉത്പലേന്ദു ചക്രബർത്തി സംവിധാനം ചെയ്ത "ചോഘ്', സെന്റണിയൽ ട്രിബ്യൂട്ട് വിഭാഗത്തിൽ പി ഭാസ്‌കരൻ സംവിധാനം ചെയ്ത "മൂലധനം' എന്നിവ രണ്ടാം ദിനം പ്രദർശിപ്പിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളാണ്.
മലയാളം സിനിമ ടുഡേ വിഭാഗത്തിൽ വിജയരാഘവൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ അഭിനയിച്ച കിഷ്‌കിന്ധാ കാണ്ഡത്തിന്റെ പ്രദർശനവുമുണ്ട്. പെരുമാൾ മുരുകന്റെ ചെറുകഥയെ ആധാരമാക്കി വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത "അങ്കമ്മാൾ' വൈകിട്ട് ആറിന് കൈരളി തിയറ്ററിൽ പ്രദർശിപ്പിക്കും. ഷുഡ് ദി വിൻഡ് ഡ്രോപ്പ്, എമിലിയ പെരെസ്, ഡെസേർട്ട് ഓഫ് നമീബിയ, ആൻ ഓസിലേറ്റിങ് ഷാഡോ, ദി ഹൈപ്പർ ബോറിയൻസ്, ബോഡി, അപ്പുറം, ലിൻഡ, എൽബോ എന്നീ ചിത്രങ്ങളും ശനിയാഴ്ച പ്രദർശിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..