21 December Saturday

29-ാമത് ഐഎഫ്എഫ്കെ സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച മേള: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

തിരുവനന്തപുരം > സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് ചലച്ചിത്ര മേള കൂടുതൽ ശ്രദ്ധേയമായതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം  നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഗ്നേച്ചർ ഫിലിമിലൂടെ ആദരിക്കപ്പെട്ടത് മലയാളത്തിലെ ആദ്യ നായിക പി കെ റോസിയാണ്.
സ്ത്രീപക്ഷ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച മേള ഒരുമയുടെയും ഐക്യത്തിന്റെയും വേദിയായത് ഏറെ സന്തോഷകരമാണ്‌.

ചലച്ചിത്ര പ്രവർത്തകരുടെ അഭൂതപൂർവമായ പങ്കാളിത്തവും നിർലോഭമായ സഹകരണവും മേളയെ വൻ വിജയമാക്കി. അടിച്ചമർത്തപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും അവകാശങ്ങൾക്കൊപ്പമാണ് ഈ മേള. മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നുതന്നെ അത് വ്യക്തമാണ്. ഭരണ സംവിധാനത്തിന്റെ അടിച്ചമർത്തപ്പെടലുകൾക്ക് വിധേയരായവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. ജാഫർ പനാഹി തിരക്കഥയൊരുക്കിയ ദ വിറ്റ്നസ്‌ ആ നിരയിലുള്ളതാണ്.

വനിതകളുടെ അവകാശപോരാട്ടങ്ങൾ പറഞ്ഞ ‘സീഡ്‌സ് ഓഫ് ദി സേക്രഡ് ഫിഗ്’, ക്വീർ രാഷ്ട്രീയം പ്രമേയമായ ‘യങ് ഹേർട്ട്സ്‘, ‘എമിലിയ പരേസ്’, പാരിസ്ഥിതിക വിഷയങ്ങൾ പറഞ്ഞ ‘വില്ലേജ് റോക്ക് സ്റ്റാർസ് -2’ എന്നീ ചിത്രങ്ങൾ ശ്രദ്ധേയമായി. മൂന്നാം ലോക രാജ്യങ്ങളിലെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക വൈയക്തിക വിഷയങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്. ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ പുരസ്കാരങ്ങൾ പ്രചോദനമാകട്ടെയെന്നും ആശംസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top