21 December Saturday

ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

കെൽട്രോൺ കോംപ്ലക്‌സ് കല്ല്യാശ്ശേരി സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ > ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം  കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. സൂപ്പർ കപ്പാസിറ്റർ പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കല്യാശ്ശേരി കെൽട്രോൺ കോംപണന്റ് കോംപ്ലക്സിലെ പുതിയ പ്ലാന്റിൽ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കും. ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഘടിപ്പിക്കുന്നതുൾപ്പെടെ ആദ്യഘട്ട നിർമ്മാണം പൂർണമായും പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ പുതിയ പ്ലാന്റിന് സാധിക്കും.

ഏറ്റവും ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്. ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി സാധിക്കും. ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ കപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉൽപ്പന്നമാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കെൽട്രോണിനൊപ്പം ഐഎസ്ആർഒ, ഡിആർഡിഒ, സിഎംഇടി എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. ഐഎസ്ആർഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

42 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടം 18  കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഐഎസ്ആർഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നാലു കോടി രൂപ ചിലവിൽ നിർമ്മിച്ച ഡ്രൈറൂമുകളും, വിദേശത്തു നിന്നും ഇറക്കുമതി ചെയ്തവയുൾപ്പെടെ 11-ൽ പരം മെഷിനറികളും ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നു. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്ന് കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു. 2000 സൂപ്പർകപ്പാസിറ്ററുകളായിരിക്കും പ്രതിദിന ഉല്‍പാദന ശേഷി. ഇതോടെ കെസിസിഎൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ്  ഉല്പാദകരിലൊന്നായി മാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top