തൃശൂർ > മഞ്ഞുതുള്ളികൾ പെയ്‌ത് തണുത്തുമരവിക്കുമ്പോഴും ശത്രുവിനെതിരെ പോരാടാൻ ബൂട്ടിട്ട കശ്‌മീരിലെ ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും പട്ടാളമേറ്റ്‌സ് ചുവടുവച്ചു. യൂണിഫോമിലല്ല, സായുധസന്നാഹങ്ങളുമില്ല. പകരം തങ്ങളുടെ പട്ടാളക്കുടുംബത്തിലേക്ക് സൗഹൃദത്തിൻ പൂക്കളുമായാണ് വിമുക്തഭടന്മാരായ ‘വായുരക്ഷ റെജിമെന്റ് തൃശൂർ ഗഡീസ്’ വന്നെത്തിയത്. യുദ്ധത്തിൽ ശത്രു വിമാനങ്ങളെ വെടിവെച്ച് വീഴ്‌ത്തുന്നവരാണ് ഈ വിഭാഗം. ലോക സൗഹൃദദിനം ഞായറാഴ്‌ച ആഘോഷിക്കുമ്പോൾ മഞ്ഞുമലയിൽ പുതിയ സൗഹൃദപ്പിറവി.
പട്ടാളത്തിൽ ചേർന്നത് മുതൽ കൂട്ടിവച്ച സൗഹൃദം വിരമിച്ചുവെങ്കിലും തുടരുകയാണ്. 2010ൽ കേരളത്തിലുള്ള 28 വായുരക്ഷ റെജിമെന്റ് വിമുക്തഭടന്മാർ തൃശൂരിലെ തേക്കിൻകാട് മൈതാനത്താണ് ആദ്യമായി ഒത്തുചേർന്നത്. 28 വായുരക്ഷ വിമുക്തഭട ഓർഗനൈസേഷനും രൂപീകരിച്ചു. പിന്നീട് തൃശൂരിലെ അംഗങ്ങൾ ‘28 എഡി റെജിമെൻ്റ് തൃശൂർ ഗഡീസ്' വാട്ട്‌സാപ്പ്‌ഗ്രൂപ്പ് രൂപീകരിച്ച് സൗഹൃദം വിപുലമാക്കി. കുടുംബാംഗങ്ങളും കണ്ണികളായി. അതിന്റെ തുടർച്ചയാണ് പഴയ പട്ടാള റെജിമെന്റിലേക്കുള്ള യാത്ര.
തൃശൂർ കൈപറമ്പ് കളത്തിക്കാട്ടിൽ സുബേദാർ രാജന്റെ നേതൃത്വത്തിലാണ് ശ്രീനഗറിലേക്ക് യാത്ര തിരിച്ചത്. തങ്ങൾ ചുവടുവച്ച ശ്രീനഗറിൽ പിൻഗാമികളുടെ ക്യാമ്പ് ഉണ്ടെന്നറിഞ്ഞതോടെ യാത്ര അവിടേക്കാക്കി. വിമുക്തഭടന്മാരായ എ ഒ മുരളീധരൻ, അശോക് കുമാർ, സി എ തോമസ്, എം ജെ ജോൺ, സി ടി സണ്ണി, വിടപറഞ്ഞ സേനാംഗങ്ങളുടെ ഭാര്യമാരായ ലാലി തിലകൻ, ഗ്രേസി തോമസ് എന്നിവരും കുടുംബാംഗങ്ങളും ഒപ്പമുണ്ടായി.
നെടുമ്പാശേരിയിൽ നിന്ന് പറന്നുയരുമ്പോൾ സ്വപ്ന സാക്ഷാൽക്കാരമായ യാത്രയുടെ ആഹ്ലാദം മുഖങ്ങളിൽ നിറഞ്ഞു. ഹൈദരബാദിൽ ഇറങ്ങിയാണ് ശ്രീനഗറിലേയ്ക്ക് യാത്ര. വെള്ളിയാഴ്‌ച വൈകിട്ട് ഞങ്ങളുടെ റെജിമെന്റിലേക്ക് വാഹനത്തിന്റെ ചക്രം തിരിഞ്ഞപ്പോൾ സൈനീക മനസുകളിൽ വീണ്ടും രക്തം തിളച്ചതായി സുബേദാർ രാജൻ പറഞ്ഞു. പുതുപോരാളികൾ ഊഷ്മളമായ സ്വീകരണം നൽകിയപ്പോൾ പട്ടാളക്കാരനായതിൽ അഭിമാനിച്ചു. അവരുമായി ഹൃദയം പങ്കുവച്ചു.
പട്ടാളക്കൂട്ടുകാരായ തങ്ങൾ കഴിഞ്ഞവർഷം പാലക്കാടുള്ള റെജിമെന്റിലെ മുതിർന്ന സൈനികരുടെ വീടുകളിൽ പോയി ക്ഷേമന്വേഷണം നടത്തി. സൗഹൃദത്തിനപ്പുറം ജീവകാരുണ്യപ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട്. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ട്രക്ക് ഭക്ഷ്യസാധനങ്ങളും ലക്ഷം രൂപയും സംഭാവന നൽകി. അവയവദാനം, രക്തദാനം എന്നിവയും നടത്തുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..