21 November Thursday

ശുചീകരണ തൊഴിലാളികളുടെ 
ജീവന്‌ വിലകൽപ്പിക്കാതെ റെയിൽവേ ; 30 ലക്ഷം കൊടുക്കണമെന്ന്‌ നിയമം

എസ് കിരൺ ബാബുUpdated: Tuesday Nov 5, 2024



തിരുവനന്തപുരം
ശുചീകരണ തൊഴിലാളികൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചെന്ന് അവകാശപ്പെടുന്ന കേന്ദ്ര സർക്കാരും റെയിൽവേയും അവരെ മനുഷ്യനായി പോലും പരി​ഗണിക്കുന്നില്ല. ശുചീകരണത്തൊഴിലാളി മരണപ്പെട്ടാൽ കുടുംബത്തിന് 30 ലക്ഷം രൂപ നൽകണമെന്നുമാണ് കേന്ദ്ര നിയമം. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേ ഷൊർണൂരിൽ ട്രെയിൻതട്ടി മരിച്ച തൊഴിലാളികളുടെ ജീവനിട്ട വില വെറും ഒരു ലക്ഷം.

നാലുമാസം മുമ്പ്‌ തലസ്ഥാനത്ത് റെയിൽവേയുടെ അനാസ്ഥയിൽ മരിച്ച ശുചീകരണ തൊഴിലാളിയായ ജോയിക്കും നഷ്ടപരിഹാരം നൽകാൻ റെയിൽവേ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം ശുചീകരണ തൊഴിലാളികൾക്ക് പരമാവധി സുരക്ഷാ ക്രമീകരണങ്ങളും ഇൻഷുറൻസ്‌ പദ്ധതിയും ഏർപ്പെടുത്തണം. ഇതും റെയിൽവേ അട്ടിമറിച്ചു.

സെപ്റ്റിക് ടാങ്ക്, സീവേജ് തുടങ്ങിയ വൃത്തിയാക്കുന്നതിനിടെ മരണപ്പെടുന്നവർക്ക്  തൊഴിലുടമ 30 ലക്ഷം രൂപ നൽകണമെന്നാണ് സുപ്രീംകോടതിയുടെയും ഉത്തരവ്. ആനുകൂല്യം ലഭിക്കാൻ ദേശീയ സഫായി കരംചാരീസ് കമീഷനാണ്‌ ചുമതല. സുപ്രീംകോടതി പലതവണ രാജ്യത്ത് തോട്ടിപ്പണി നിർത്തലാക്കിയെന്ന് ഉറപ്പാക്കാൻ പറഞ്ഞിട്ടും ശുചീകരണ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പോലും കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. 

രാജ്യത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ നാനൂറോളം പേരാണ് സെപ്‌റ്റിക്‌ ടാങ്കും അഴുക്കുചാലും വൃത്തിയാക്കുന്നതിനിടെ മരിച്ചത്. ഉത്തർപ്രദേശ്, തമിഴ്‌നാട്‌, ഡൽഹി, മഹാരാഷ്‌ട്ര, ഗുജറാത്ത്‌, ഹരിയാന എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങളും റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളതെന്ന്‌ സർക്കാർ ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു.

കരാർവൽകരണത്തിന്റെ ഇരകൾ
റെയിൽവേ ഓഫീസുകൾ, പ്ലാറ്റ്ഫോമുകൾ, പരിസരങ്ങൾ എന്നിവ വൃത്തിയാക്കിയിരുന്നത് റെയിൽവേ തൊഴിലാളികളായിരുന്നു. സ്‌റ്റേഷനുകളിലും ഓഫീസുകളും വൃത്തിയാക്കിയിരുന്നത് "സഫായിവാല' എന്ന ജീവനക്കാരും. എന്നാൽ ജീവനക്കാരുടെ എണ്ണവും തസ്തികകളും വെട്ടിക്കുറച്ചതിന്റെ ഫലമായി റെയിൽവേ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടു. തുച്ഛമായ ശമ്പളത്തിൽ കോൺട്രാക്ടർമാർ ഏർപ്പെടുത്തുന്ന തൊഴിലാളികളാണ് ഇപ്പോൾ ഈ ജോലി ചെയ്യുന്നത്.

നഷ്‌ടപരിഹാരം വെറും 
ഒരു ലക്ഷം; കൈയൊഴിഞ്ഞ്‌ റെയിൽവേ
ഷൊർണൂരിൽ ട്രെയിൻതട്ടി മരിച്ച ശുചീകരണത്തൊഴിലാളികളോട്‌ റെയിൽവേ കാട്ടിയത് കൊടുംക്രൂരത. മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ വെറും ഒരു ലക്ഷം രൂപ മാത്രം നഷ്‌ടപരിഹാരം പ്രഖ്യാപിച്ച്‌ സംഭവത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും കരാറുകാരന്റെ മേൽചാരി തടിയൂരുകയാണ്‌ റെയിൽവേ. സംസ്ഥാന സർക്കാരിന്റെ സമ്മർദത്തെ തുടർന്നാണ് ഇത്രയെങ്കിലും തുക അനുവദിക്കാൻ തയ്യാറായത്. തൊഴിലാളികളുടെ കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാനമന്ത്രി വി അബ്ദുറഹിമാൻ റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവിന്‌ കത്തയച്ചിരുന്നു. 45 പൈസയ്‌ക്ക്‌  യാത്രികർക്ക്‌ 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ വരെ നൽകുമെന്ന് കൊട്ടിഘോഷിക്കുന്ന റെയിൽവേയാണ് മരിച്ച ശുചീകരണത്തൊഴിലാളി കുടുംബങ്ങളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നത്. അവരെ തൊഴിലാളികളായി അം​ഗീകരിക്കാൻ പോലും തയ്യാറല്ല.  ഓൺലൈനായി ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് റെയിൽവേ ട്രാവൽ ഇൻഷുറൻസ്‌ പരിരക്ഷ നൽകുന്നുണ്ട്. ട്രെയിൻ അപകടത്തിൽ ഉണ്ടാകുന്ന നഷ്ടം ഇൻഷുറൻസ് കമ്പനിയാണ് നൽകുക.

യാത്രക്കാരൻ ട്രെയിൻ അപകടത്തിൽ മരിച്ചാലോ അം​ഗവൈകല്യം സംഭവിച്ചാലോ കമ്പനി നോമിനിക്ക് 10 ലക്ഷം രൂപ നൽകും. പരിക്കേറ്റ യാത്രക്കാരന് ചികിത്സയ്‌ക്കായി രണ്ട് ലക്ഷം രൂപയും നൽകും. എന്നാൽ പതിവായി അപകടങ്ങളുണ്ടാകുന്ന തിരക്കേറിയ ജനറൽ കോച്ചിലോ കമ്പാർട്ടുമെന്റിലോ യാത്രചെയ്യുന്നവർക്ക് ഈ ഇൻഷുറൻസ് ആനുകൂല്യവുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top